തൊടുപുഴ: ഏകദേശം നിർമാണം പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് പ്രതീക്ഷ. ഡിപ്പോ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നവംബർ ഒന്നിന് ഗതാഗതമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തലസ്ഥാനത്ത് യോഗം ചേരും. പി.ജെ. ജോസഫ് എം.എൽ.എ, തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ്, എം.ഡി എന്നിവരും പങ്കെടുക്കും. ലോറി സ്റ്റാൻഡിലെ താത്കാലിക സ്ഥലത്ത് നിന്ന് ഡിപ്പോ ഒഴിയാൻ നഗരസഭ നൽകിയ സമയം അവസാനിച്ചതോടെയാണ് പുതിയ ഡിപ്പോയിലേക്ക് മാറുന്ന കാര്യം വീണ്ടും സജീവമായത്. ഇന്നലെ താത്കാലിക ഡിപ്പോയുടെ പ്രവർത്തനം നിലവിലുള്ള ലോറി സ്റ്റാൻഡിൽ തന്നെ തുടരുന്നതിന് നഗരസഭാ ചെയർപേഴ്സണോട് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് സാവകാശം ചോദിച്ചു. അത്യാവശ്യ നിർമാണങ്ങൾ പൂർത്തീകരിച്ച് ഫെബ്രുവരിയോടെ പുതിയ ഡിപ്പോ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താത്കാലിക ഡിപ്പോ നിലവിലുള്ള സ്ഥലത്ത് തുടരുന്ന കാര്യം കൗൺസിൽ ചേർന്ന് അനുഭാവപൂർവം പരിഗണിക്കാമെന്ന് ചെയർപേഴ്‌സൺ അറിയിച്ചിട്ടുണ്ട്.
ഡി.ടി.ഒ ആർ. മനേഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഉബൈദ്, അസിസ്റ്റന്റ് എൻജിനീയർ അഫ്‌സൽ ബാബു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മന്ത്രിയെ ഫോണിൽ വിളിച്ച് പി.ജെ
പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിന് ശേഷം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഒന്നാം തീയതി ഡിപ്പോ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. ഡിപ്പോയ്ക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകിയിട്ടുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു.. തച്ചങ്കരി എം.ഡിയായിരുന്നപ്പോൾ 80 ലക്ഷം രൂപ കൂടിയുണ്ടെങ്കിൽ നിർമാണം പൂർത്തിയാകുമെന്ന് പറഞ്ഞു. തുടർന്ന് കെട്ടിടത്തിലെ കടമുറികൾ ലേലം ചെയ്ത വകയിൽ 1.45 കോടി രൂപ കിട്ടി. എന്നാൽ ഇത് വക മാറ്റി ജീവനക്കാർക്ക് ശമ്പളം കൊടുത്തെന്നാണ് പിന്നീടറിഞ്ഞത്. ആറ് മാസത്തിനകം പണി പൂർത്തിയാക്കാമെന്ന് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. ഒരു മാസത്തിനകം പണികൾ തീർക്കാവുന്നതേയുള്ളു. ഡിപ്പോയുടെ 95 ശതമാനവും പണികൾ പൂർത്തിയായി. ഫ്ലോറിംഗും ഫർണിഷിംഗും മാത്രം ചെയ്താൽ മതി. ആനയെ മേടിച്ചിട്ട് തോട്ടി മേടിക്കാൻ ആവാത്ത പോലെയാണ്. നാഥനില്ലാ കളരിയായി കെ.എസ്.ആർ.ടി.സി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പണിതിട്ടും തീരാത്ത മന്ദിരം
ആകെ 12 കോടി രൂപയായിരുന്നു തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ബഡ്ജറ്റ്. എന്നാൽ, ഇതുവരെ 14.90 കോടി രൂപ ചെലവിട്ടു. എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചത് ഒരു കോടി രൂപയാണ്. ഇതിൽ 97 ലക്ഷം രൂപ നിർമാണത്തിന് വിനിയോഗിച്ചു. ഇനിയുള്ള പണികൾ പൂർത്തീകരിക്കാൻ 3.54 കോടി രൂപ വേണം. ഡിപ്പോയിൽ പൂർത്തിയാക്കിയിട്ടുള്ള മുറികൾ ലേലം ചെയ്ത് ലഭിക്കുന്ന പണം വിനിയോഗിച്ച് ഇതു സാധ്യമാക്കുകയെന്നതാണ് പ്രായോഗികം. മുറിലേലത്തിലൂടെ 85 ലക്ഷം രൂപ ലഭിക്കുന്ന പക്ഷം പ്ലംബിങ്, വയറിങ്, കംപ്യൂട്ടറൈസേഷൻ എന്നിവ നടത്തി പുതിയ ഡിപ്പോ പ്രവർത്തനസജ്ജമാക്കാം. ഇത് സമയബന്ധിതമായി നടത്താനാണ് തീരുമാനം. നവംബർ ആറ്, ഏഴ് തിയതികളിൽ ലേലം നിശ്ചയിച്ചിട്ടുണ്ട്.