cyril-mathew
സിറില്‍ മാത്യു

അടിമാലി: യൂറോപ്യൻ രാജ്യമായ മാൾട്ടയുടെ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് അടിമാലി സ്വദേശി തിരഞ്ഞെടുക്കപ്പെട്ടു.
ഐസിസി ലോക റാങ്കിങ്ങിൽ 72ാംസ്ഥാനത്തുള്ള മാർട്ട ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്കാണ് അടിമാലി പുല്ലൻ വീട്ടിൽ മാത്യു മോളി മാത്യു ദമ്പതികളുടെ മൂത്തമകൻ സിറിൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടത്.28കാരനായ സിറിൽ അപൂർവ്വമായ നേട്ടം കൈവരിച്ചതോടെ അടിമാലി പുല്ലൻ വീടും സന്തോഷത്തിലാണ്.മാൾട്ടയിലെ ക്ലബ്ബ് ക്രിക്കറ്റിൽ സജീവമായിരുന്ന സിറിൽ മൂന്ന് വർഷത്തോളമായി മാൾട്ടയിൽ കമ്പ്യൂട്ടർ എഞ്ചിനിയറായിരുന്നു.സിറിലിന് ക്രിക്കറ്റിനോട് താൽപര്യമുണ്ടായിരുന്നെങ്കിലും ഇത്ര വലിയൊരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിതാവ് മാത്യു പുല്ലൻ പറഞ്ഞു.മകന് ലഭിച്ച സ്ഥാനലബ്ധിയിലുള്ള സന്തോഷം മാതാവ് മോളി മാത്യുവും പങ്ക് വച്ചു.എറണാകുളത്തെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ച സിറിൽ സ്‌കൂൾ കാലഘട്ടത്തിൽ സജീവമായി ക്ലബ്ബ് ക്രിക്കറ്റിലുണ്ടായിരുന്നു.പിന്നീട് ജോലി ആവശ്യങ്ങൾക്കായി മാൾട്ടയിലെത്തി.അവിടെയും ക്ലബ്ബ് തലത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് സിറിലിനെ തേടി പുതിയ ദൗത്ത്യമെത്തിയത്.