തൊടുപുഴ: പൊലീസിനെയും എക്‌സൈസിനെയും ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘത്തിൽപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം വലവൂർ നെല്ലാനിക്കാട്ട് ഷിബു ശിവനാണ് (30) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വെട്ടിമറ്റം എണ്ണപ്പന തോട്ടത്തിന് സമീപം തേക്കിൻകൂപ്പിലായിരുന്നു സംഭവം. കാറിലെത്തിയ ഏതാനും യുവാക്കൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി നാട്ടുകാരും പഞ്ചായത്ത് മെമ്പറും എക്‌സൈസ് സംഘത്തെ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മൂലമറ്റം റേഞ്ച് ഓഫീസിലെ എക്‌സൈസ് സംഘംത്തിന് നേരെ അഞ്ചംഗ മദ്യപസംഘം കല്ലെറിയാൻ ശ്രമിച്ചു. തുടർന്ന് എക്‌സൈസ് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും കല്ലെറിഞ്ഞതിനു ശേഷം മദ്യപസംഘത്തിലെ നാല് പേർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിയ ശേഷവും ഇയാൾ പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. വെട്ടിമറ്റത്ത് ബന്ധു വീട്ടിലെത്തിയതായിരുന്നു ഷിബുവെന്ന് പൊലീസ് പറഞ്ഞു.