മുട്ടം : സിബിഎസ്ഇ മദ്ധ്യകേരള സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം കാറ്റഗറി മത്സരങ്ങൾ 18ന് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിൽ നടത്തും. ഇടുക്കി, കോട്ടയം,എറണാകുളം , തൃശൂർ എന്നീ ജില്ലകളിലെ 118 ഓളം സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. രണ്ടാം കാറ്റഗറിയിൽ 5,6,7 ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കും. 15 സ്റ്റേജുകളിലായി 19ൽപരം മത്സര ഇനങ്ങൾ അരങ്ങേറും. നാടോടി നൃത്തം, സംഘനൃത്തം, മോഹിനിയാട്ടം, ഭരതനാട്യം ,ലളിതഗാനം ,മോണോ ആക്ട് എന്നിവയാണ് പ്രധാന ഇനങ്ങൾ. കാറ്റഗറി മൂന്നിന്റെ മത്സരങ്ങൾ 25 ,26 തിയതികളിൽ തൊടുപുഴ വിമല പബ്ലിക് സ്‌കൂളിലും കാറ്റഗറി നാല് മത്സരങ്ങൾ 22ന് ഇൻഫന്റ് ജീസസ് നോർത്ത് പറവൂർ സ്‌കൂളിലും നടത്തും. രണ്ടാം കാറ്റഗറി മത്സരങ്ങൾ 18ന് രാവിലെ എട്ടു മുതൽ ആരംഭിക്കും . വിജയികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യും. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിൽ നടത്തുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടും. മധ്യ കേരളാ സഹോദയ പ്രസിഡന്റ് ഫാ. സിജൻ പോൾ ഊന്നുകല്ലേൽ വൈസ് പ്രസിഡന്റ് ബോബി ജോസഫ് ,സെക്രട്ടറി ജോൺസൺ മാത്യു, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ലൈസ് സിഎംസി, ട്രഷറർ സിസ്റ്റർ ലിസ് ലിൻ എസ്എബിഎസ് എന്നിവർ നേതൃത്വം നൽകുമെന്ന് കോ ഓർഡിനേറ്റർ എ.എസ്.മനോജ്, ടെസി ആന്റണി എന്നിവർ അറിയിച്ചു.