തൊടുപുഴ: നഗരസഭ ആരോഗ്യ വിഭാഗം തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക്ക് കവറുകളും പിടികൂടി. കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാലുകൾ, ബേക്കറി സാധനങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയാണ് പിടികൂടിയത്. പട്ടയം കവല മുതൽ മുതലക്കോടം വരെയുള്ള ഭാഗത്തെ ഹോട്ടലുകൾ, ബേക്കറികൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധ ബേക്കറികളിൽ നിന്നായി കാലാവധി കഴിഞ്ഞ 20 പായ്ക്കറ്റ് പാൽ, കാലാവധി കഴിഞ്ഞ പലഹാരങ്ങൾ എന്നിവയും പിടികൂടി നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും 25 കിലോ നിരോധിത പ്ലാസ്റ്റിക്കും പിടികൂടി. കർശന നിർദേശം നൽകിയിട്ടും നഗരത്തിലെ ഉന്തുവണ്ടി കച്ചവടക്കാർ നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ പ്ലാസ്റ്റിക്കും പഴകിയ ഭക്ഷണസാധനങ്ങളും പിടികൂടിയ സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. തൊടുപുഴ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.പ്രവീൺ, തൗഫീക്ക് ഇസ്മയിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഖില ശങ്കർ, അശ്വതി കുട്ടപ്പൻ, ജോയ്സ് ജോസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.