ചെറുതോണി: 1964 ചട്ടപ്രകാരമുള്ള പട്ടയത്തിൻമേൽ നിയമ ഭേദഗതി വരുത്തുക, ആർ.സി.ഇ.പി കരാറിൽ നിന്ന് ഇന്ത്യ പിന്മാറുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് ആൽബിൻ വറപോളയ്ക്കൽ ഇന്ന് തൊടുപുഴയിൽ നിന്ന് കളക്‌ട്രേറ്റിലേക്ക് ഇരുചക്ര വാഹന റാലി നയിക്കും. രാവിലെ 10ന് തൊടുപുഴയിൽ കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് ആബേഷ് മാത്യു റാലി ഫ്ളാഗ് ഒഫ് ചെയ്യും. പ്രൊഫ. കെ.ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി മണിമല തുടങ്ങിയവർ സംസാരിക്കും. ജാഥ തൊടുപുഴ-വണ്ണപ്പുറം-കഞ്ഞിക്കുഴി-ചേലച്ചുവട്-ചെറുതോണി വഴി പൈനാവ് കളക്‌ട്രേറ്റ് പടിക്കലെത്തുമ്പോൾ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല അതിജീവന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല തുടങ്ങിയവർ സംസാരിക്കും.