തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളുടെ മേൽ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിയാടിയ ആഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തി. 1964 ലെ ഭൂമി പതിവു ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഒ.സി നിർബന്ധമാക്കിയത് എട്ട് വില്ലേജുകളിൽ മാത്രമാക്കി. ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൻവാലി എന്നീ വില്ലേജുകളുടെ പരിധിയിൽ മാത്രമാണ് ഉത്തരവ് ബാധകമാകുക. ഈ വില്ലേജുകളിൽ പട്ടയം ലംഘിച്ച് വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ ഭാവിയിൽ നടത്താതിരിക്കാനായി ഏതാവശ്യത്തിനാണ് പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം കെട്ടിടനിർമാണ അനുമതി നൽകാനാണു നിർദേശം. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിൽ ഉപജീവനാവശ്യത്തിനു ഉപയോഗിക്കുന്ന 1500 ചതുരശ്രയടിക്കു താഴെ തറവിസ്തൃതിയുള്ള കെട്ടിടം മാത്രമാണുള്ളതെങ്കിൽ അപേക്ഷകനോ ആശ്രിതർക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്നു വ്യക്തമായി തെളിയിച്ചാൽ 2208- 19 ന് പുറപ്പെടുവിച്ച ഉത്തരവു തീയതി വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമവത്കരിച്ചു നൽകും. ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഒരു സംഘടന ഹൈക്കോടതിൽ നൽകിയ ഹർജിയെത്തുടർന്നുണ്ടായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷവും വ്യാപാരി വ്യവസായി ഏകോപനസമിതിയും രംഗത്തെത്തിയിരുന്നു. ജില്ലയിലെ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എൽ.‌ഡി.എഫ് നേതാക്കൾ മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. തുടർന്ന് ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉത്തരവിൽ ഭേദഗതിയുണ്ടായത്.

ഹർത്താലിൽ

മാറ്റമില്ലെന്ന് യു.ഡി.എഫ്

ഭേദഗതി ഉത്തരവ് തീർത്തും അപര്യാപ്തമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും പറഞ്ഞു. എട്ട് വില്ലേജുകളിലെ നിർമാണ നിരോധനവും റദ്ദാക്കുകയാണ് വേണ്ടത്. മൂന്നാറിൽ നിന്നും 85 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആനവിലാസം വില്ലേജ് മൂന്നാർ മേഖലയിൽ വരില്ലെന്ന കാര്യം പോലും പരിഗണിക്കാത്തത് പ്രതിഷേധകരമാണ്. യു.ഡി.എഫ് സമരം പരാജയപ്പെടുത്താൻ വേണ്ടി പുറപ്പെടുവിച്ചതാണ് ഭേദഗതി ഉത്തരവ്. അർഹിക്കുന്ന അവജ്ഞയോടെ ഇടുക്കി ജില്ലയിലെ ജനങ്ങൾ പുച്ഛിച്ചുതള്ളും. പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.

ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നത് പോലെ: എം.പി

ഭേദഗതി ഉത്തരവ് ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നത് പോലെയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ജില്ലയെ പൂർണ്ണമായും
ഒറ്റപ്പെടുത്തി കൊണ്ടുള്ള വിവാദ ഉത്തരവ് മുഴുവനായി പിൻവലിക്കുകയും 1964ലെയും 1993ലെ യും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി വരുത്തുകയും ചെയ്യേണ്ടതിന് പകരം ആഗസ്റ്റ് 22 ലെ വിവാദ ഉത്തരവ് ഖണ്ഡിക 6(8) മാത്രമാണ് ഭേദഗതി ചെയ്തിട്ടുള്ളത്. പരിമിതപ്പെടുത്തിയ എട്ട് വില്ലേജുകളിൽ ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ ഉള്ളതാണെന്ന് സർക്കാർ മറന്നിരിക്കുന്നു. ജില്ലയെ മൊത്തം ബാധിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ എന്താണ് പ്രതിവിധി എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നും എം.പി പറഞ്ഞു.