മുട്ടം: സ്വകാര്യ വ്യക്തികൾ വർഷങ്ങളായി ഉപയോഗിക്കുന്ന നടപ്പ് വഴി അടക്കാൻ അയൽവാസിയായ പൊലീസുകാരൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന് മുട്ടം മുൻസിഫ് കോടതി മൂന്ന് മാസത്തേക്ക് ഇഞ്ചക്ഷൻ ഉത്തരവ് നൽകി. വഴി ഉപയോഗിച്ച് വരുന്ന ആളുകൾ ചേർന്ന് കേസ് നൽകിയതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അഭിഭാഷകനെ കോടതി നിയോഗിച്ചിരുന്നു. ഇതേ തുടർന്നുള്ള റിപ്പോർട്ടിന്മേലാണ് കോടതി ഉത്തരവ് നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ സ്ഥലം ഉടമയായ പൊലീസുകാരൻ കോടതി ഉത്തരവുള്ള സ്ഥലത്ത് പ്രവേശിച്ച് നിർമ്മാണത്തിന് ശ്രമിച്ചത് പരാതിക്കാർ തടഞ്ഞു. ഇത് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.സംഭവമറിഞ്ഞ് മുട്ടം പൊലീസ് സ്ഥലത്തെത്തി. കോടതിയുടെ ഇൻഞ്ചക്ഷൻ ഓർഡർ ഉണ്ടെങ്കിൽ അത് പൊലീസിന് കൈമാറാനും അതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നുംപൊലീസ് സ്ഥല ഉടമക്ക് നിർദ്ദേശം നൽകി. ഇതോടെ തർക്കത്തിന് താത്കാലിക പരിഹാരമായി.