തൊടുപുഴ: ഭൂവിനിയോഗ ഉത്തരവ് സർക്കാർ ഭേദഗതി ചെയ്തത് സ്വാഗതം ചെയ്യുന്നതായി
എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ അറിയിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് നിർമ്മാണ നിയന്ത്രണം ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള എട്ട് വില്ലേജുകളിൽ നിന്ന് ആനവിലാസം വില്ലേജിനെ ഒഴിവാക്കുന്നതിനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കണം. 2010ലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 2011 മുതൽ 16 വരെ അധികാരത്തിലിരുന്ന സർക്കാർ എന്ത് ചെയ്തെന്ന് ഇപ്പോഴും വ്യക്തമാക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച മുന്നൂറിൽപരം കെട്ടിടങ്ങൾ ത്രിശങ്കു സ്വർഗത്തിലാണ്. ഹൈക്കോടതി വിധിയെ പുല്ലുപോലെ അവഗണിച്ച് ഇവയെല്ലാം കെട്ടിപ്പൊക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തവരാണ് യു.ഡി.എഫ് നേതാക്കൾ. ഇനി ആനവിലാസം വില്ലേജിനെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുക,1964ലെയും
1993ലെയും ഭൂമി പതിവ് ചട്ടങ്ങളിൽ കാലോചിതമായ മാറ്റം വരുത്തുക തുടങ്ങിയ
കാര്യങ്ങളിലെല്ലാം ജനതാൽപര്യം സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനം സർക്കാർ
സ്വീകരിക്കുമെന്ന് ശിവരാമൻ പറഞ്ഞു.