ഇടുക്കി: രാഷ്ട്രീയ ലാഭം നോക്കി ഹർത്താലിനിറങ്ങിയ യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഭൂ വിനിയോഗത്തിലെ ഭേദഗതി ഉത്തരവെന്ന് സി.പി.എം ജില്ലാ കമ്മറ്റി. കാർഷിക മേഖലയെ പൂർണമായും ഒഴിവാക്കിയ ഉത്തരവിനെ മലയോര കർഷക ജനതയ്ക്കായി സ്വാഗതം ചെയ്യുന്നു. നിയന്ത്രണം നിൽക്കുന്ന എട്ടു വില്ലേജുകളിലെ പ്രശ്‌നങ്ങൾക്കും പരിഹാരം കാണണം. കസ്തൂരിരംഗൻ സമര കലത്ത് പോലും മലകയറി വരാതിരുന്ന പി.ജെ. ജോസഫും ജോസ് കെ. മാണിയും രാഷ്ട്രീയ തിരിച്ചു വരവിനൊരുങ്ങി ബലാബല പരീക്ഷണത്തിന് കുന്നിൻമുകളിലേക്ക് എത്തി. വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ ഉപദേഷ്ടാവ് പി.ടി. തോമസ് ആണെന്ന് ജനങ്ങൾക്ക് അറിയാം. ഭൂ വിനിയോഗ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് സംസ്ഥാന നേതാക്കളെ കൊണ്ട് പോലും കോൺഗ്രസിന് അഭിപ്രായം പറയിക്കാനായില്ല. ഭൂ വിനിയോഗം സംബന്ധിച്ച് ശ്വാശത പരിഹാരത്തിന് നിയമ ഭേദഗതി കൊണ്ടുവരണം. 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടമനുസരിച്ച് കൃഷിക്കും വീടു വയ്ക്കുന്നതിനും മാത്രമാണ് പട്ടയ ഭൂമി പതിച്ചു നൽകുന്നത്. ഈ നിയമം നിലനിൽക്കുന്നതുകൊണ്ടാണ് കോടതി ഇടപെടൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയമത്തിൽ മാറ്റം വരുത്താനും ആവശ്യമായ ഭേദഗതികളോടു കൂടി നിയമ നിർമ്മാണം കൊണ്ടുവരുന്നതിനും സർക്കാർ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.