കുമളി: പെരിയാർ ടൈഗർ റിസർവിലെ ദിവസ വേതന ജീവനക്കാരുടെ പുതുക്കിയ ശമ്പളം അടിയന്തരമായി നൽകണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വനമേഖലയിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗം തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്ക് പുതുക്കി രണ്ടു മാസം പിന്നിട്ടിട്ടും പെരിയാർ ടൈഗർ റിസർവിലെ ദിവസ വേതന ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നിഷേധിക്കുന്ന പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി പ്രതിഷേധാർഹമാണ്. അതീവ ദുർഘടമേഖലകളിൽ ജോലി ചെയ്യുന്ന വാച്ചറുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ കഴിഞ്ഞ കുറേക്കാലങ്ങളായി അട്ടിമറിക്കുകയാണ്. ഉയർന്ന വേതനം നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടും കടുവാ സങ്കേതത്തിലെ കോർ ഏരിയായിൽ പണിയെടുക്കുന്ന ദിവസ വേതനക്കാർക്ക് ഇപ്പോഴും നൽകുന്നത് ലോക്കൽ റേഞ്ചിലെ ശമ്പള നിരക്കാണ്. പുതുക്കിയ ശമ്പളം ബോധപൂർവ്വം നിഷേധിക്കുന്ന പെരിയാർ ഈസ്റ്റ്‌ ഡെപ്യൂട്ടീ ഡയറക്ടറുടെ നടപടി മനുഷ്യത്വരഹിതമാണ്. വിഷയത്തിൽ വനംമന്ത്രിയ്ക്ക് നിവേദനം നൽകുമെന്ന് ജില്ലാ കൺവീനർ ഷെനോയി പുതിയിടത്ത് അറിയിച്ചു.