തൊടുപുഴ: അന്യനാടുകളിൽ നിന്ന് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തർ തൊടുപുഴ വഴി പോയാൽ ഇങ്ങനെ ശരണം വിളിച്ചുപോകും 'ഈ റോഡ്,​ കരിമല കയറ്റത്തേക്കാൾ കഠിനമമെന്റെയപ്പാ..." കല്ലും മുള്ളും നിറഞ്ഞ കാനനപാതയേക്കാൾ പരീക്ഷണം നിറഞ്ഞതാണ് സർവത്ര തകർന്ന റോഡുകളുള്ള തൊടുപുഴ ടൗൺ കടന്ന് മലയ്ക്ക് പോകുന്ന ഭക്തരുടെ അവസ്ഥ. മണ്ഡലകാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൊടുപുഴ മേഖലയിലെ റോഡുകളുടെയൊന്നും അറ്റകുറ്റപണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ശബരിമല സീസൺ ആരംഭിച്ചാൽ ദിവസവും ആയിരക്കണക്കിന് പേരാണ് തൊടുപുഴ വഴി ശബരിമലയ്ക്ക് പോകുന്നത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലടക്കം ദർശനം നടത്തി മലയ്ക്ക് പോകാനായി ദൂരെ നാടുകളിൽ നിന്ന് പോലും നിരവധിപ്പേർ തൊടുപുഴയിലെത്താറുണ്ട്. എന്നാൽ ഇവിടത്തെ റോഡിന്റെ അവസ്ഥ കണ്ടാൽ അന്യനാട്ടുകാർ മൂക്കത്ത് വിരൽവയ്ക്കും. നടുവൊടിയാത്ത ഒരു റോഡ് പോലുമില്ല തൊടുപുഴ മേഖലയിൽ. പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും റോഡുകൾ ഇന്ന് നന്നാക്കും നാളെ നന്നാക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. തൊടുപുഴയിൽ നിന്ന് ശബരിമലയ്ക്ക് പോകുന്ന പ്റധാന പാതയായ ഈരാറ്റുപേട്ട റോഡിൽ വർഷങ്ങളായി കാര്യമായ ഒരു അറ്റകുറ്റപണിയും നടക്കുന്നില്ല. പലയിടത്തും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുമ്പിലടക്കം പാടെ തകർന്നുകിടക്കുകയാണ്. ഒളമറ്റം പെരിക്കോണി ഭാഗത്തും വലിയ കുഴികളുണ്ട്. മ്രാലയ്ക്കടുത്ത വളവിൽ ടാറിംഗാകെ പൊളിഞ്ഞുകിടക്കുകയാണ്. മുട്ടം ചെള്ളാവയൽ കഴിഞ്ഞാൽ പിന്നെ പറയുകയേ വേണ്ട.

കുണ്ടും കുഴിയും കാലിന് മെത്ത

തൊടുപുഴ- ഈരാട്ടുപേട്ട റോഡിലെ ചള്ളാവയൽ മുതൽ തോണികല്ല് വരെയുള്ള ഭാഗത്തെ കുണ്ടും കുഴിയും വച്ചുനോക്കുമ്പോൾ വനപാതയിലെ കല്ലും മുള്ളുമെല്ലാം പുഷ്പങ്ങളായേ അയ്യപ്പഭക്തർക്ക് തോന്നൂ. മുട്ടം മുതൽ ചെള്ളാവയൽ വരെയുള്ള ഭാഗം കെ.എസ്.ടി.പി ഏറ്റെടുത്ത് രണ്ട് മാസം മുമ്പ് നന്നാക്കിയിരുന്നു. എന്നാൽ ചെള്ളാവയൽ മുതൽ ജില്ലയുടെ അതിർത്തിയായ തോണിക്കല്ല് വരെയുള്ള ഭാഗം പൂർണമായും തകർന്നുകിടക്കുകയാണ്.

വാരിക്കുഴി നഗരം

നഗരം നിറയെ വാരിക്കുഴികളാൽ നിറഞ്ഞ നരകമായി തൊടുപുഴമാറി. ബൈപ്പാസുകൾ ഉൾപ്പെടെ വലിയ ആഴമേറിയ കുഴികളാൽ നിറഞ്ഞിരിക്കുകയാണ്. ബൈക്കുകളടക്കം കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. പലരും രാത്രി റോഡിൽ വീണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. ശബരിമല സീസണിൽ മറ്റ് നാടുകളിൽ നിന്നെത്തുന്ന വഴി പരിചയമില്ലാത്ത അയ്യപ്പഭക്തർ കുഴികളിൽ വീണ് നടുവൊടിയുമെന്ന് തീർച്ചയാണ്.