ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പ്രഖ്യാപിച്ചിട്ടുള്ള സത്യാഗ്രഹ സമരം ഇന്ന് ചെറുതോണിയിൽ നടക്കും. 1964ലെയും 1993 ലെയും ഭൂമി പതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കും വരെ കേരളാ കോൺഗ്രസ് (എം) പ്രഖ്യാപിച്ചിട്ടുള്ള സമര പരിപാടികൾ തുടരുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. ഈ ചട്ടങ്ങൾ പ്രകാരം കൃഷി ആവശ്യത്തിനും വീടു വയ്ക്കുന്നതിനും മാത്രമാണ് പട്ടയ ഭൂമിയുടെ ഉടമസ്ഥർക്ക് അനുമതി ഉള്ളത്. ഈ നിയമം ഭേദഗതി ചെയ്താൽ മാത്രമേ ഇടുക്കി ജില്ലയിലെ ജനങ്ങൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.