തൊടുപുഴ: ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ മുഴുവൻ വീടുകളും നിർമാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന ബഹുമതി നേടി കോടിക്കുളം പഞ്ചായത്ത്. 55 പേരടങ്ങുന്ന ഗുണഭോക്ത്യ ലിസ്റ്റിൽ നിന്ന് അർഹതാ പരിശോധനയിലൂടെ 38 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതിൽ 38 വീടുകളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കി. കോടിക്കുളം പഞ്ചായത്ത് ജനറൽ വിഭാഗത്തിൽപ്പെട്ട 35 കുടുംബങ്ങൾക്കും പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട മൂന്ന് കുടുംബങ്ങൾക്കുമാണ് രണ്ടാം ഘട്ടത്തിൽ ഭവനങ്ങൾ ലഭ്യമാക്കിയത്. ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപയ്ക്ക് പുറമെ കേന്ദ്ര സർക്കാറിന്റെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 ദിവസത്തെ തൊഴിൽ ദിനങ്ങൾ കൂടി ലഭ്യമാക്കിയതിലൂടെ 24390/- രൂപ കൂടി ഗുണഭോക്താവിന് അധികമായി ലഭിച്ചു. പലവിധ കാരണങ്ങളാൽ സ്വന്തമായി വീട് നിർമ്മിക്കാൻ സാധിക്കാത്ത ഗുണഭോക്താക്കളുടെ വീടുകൾ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നിർമ്മാണം പൂർത്തീകരിച്ചു. 2018ലെ പ്രളയത്തിൽ തകർന്ന 28 വീടുകളിൽ സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം ഉപയോഗിച്ച് 19 വീടുകൾ പൂർത്തിയാക്കി. ഭവന നിർമ്മാണം പൂർത്തിയാക്കിയ കുടുംബങ്ങളുടെ താക്കോൽദാനവും ലൈഫ് പദ്ധതി നൂറ് ശതമാനം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന പ്രഖ്യാപനവും 22ന് ഉച്ചയ്ക്ക് രണ്ടിന് കോടിക്കുളം സെന്റ് ആൻസ് ചർച്ച് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം. മണി നടത്തുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും നടത്തും. പ്രസിഡന്റ് ഷേർളി ആന്റണി, വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എമിലി ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ്സമ്മ പോൾസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൂസി ജെയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
''കോടിക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. സർക്കാരിന്റെ സമയോചിതമായ ഇടപെടൽ അനേകം കുടുംബങ്ങൾക്ക് തണലായി മാറി."
- ഷേർളി ആന്റണി (പ്രസിഡന്റ്),
ജോസ് മാഞ്ചേരി (വൈസ് പ്രസിഡന്റ്)