ചെറുതോണി : കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിന് എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ച സ്‌കൂൾ വാനിന്റെ ഫ്ളാഗ് ഓഫ് കർമ്മം റോഷി അഗസ്റ്റിൻ എം.എൽ.എ. നിർവ്വഹിച്ചു. ഗതാഗത സൗകര്യം ഒട്ടുമില്ലാത്ത മക്കുവള്ളി മേഖലയിൽ നിന്നുംകൂടി വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനാണ് പതിമൂന്ന് സീറ്റുകളുള്ള ക്രൂയിസർ വാഹനം അനുവദിച്ചത്. രണ്ട് വർഷം മുൻപ് സ്‌കൂളിന് മറ്റൊരു ബസ് അനുവദിച്ചിരുന്നു. സ്‌കൂളിന്റെ ഭൗതിക സൗകര്യം വർദ്ധിപ്പിക്കുന്നതിനായി എം.എൽ.എ. ഫണ്ട് വിനിയോഗിച്ച് ഒരു ബ്ലോക്ക് കെട്ടിടംകൂടി ഏതാനും വർഷം മുൻപ് പൂർത്തിയാക്കിയിരുന്നു. ഇതൊടൊപ്പം വിദ്യാഭ്യാസവകുപ്പിന്റെ ഒരു കോടി രൂപയും എം.എൽ.എ. ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും കൂടി ഈ വർഷം അനുവദിച്ചിട്ടുള്ളതായും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ സ്‌കൂളിന് മതിയായ സൗകര്യം ഉറപ്പാക്കാനാകുമെന്നും എം.എൽ.എ. പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ, ഹെഡ്മിസ്ട്രസ് സുജാത കെ.വി, പി.ടി.എ. പ്രസിഡന്റ് അരുൺ മാത്യു, മനോഹർ ജോസഫ്, ഷാജി കണ്ടച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു.