രാജാക്കാട്: വാനരപ്പടയുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് രാജകുമാരി ജണ്ടനിരപ്പിലെ കർഷകർ. പ്രദേശത്തെ അഞ്ചോളം കർഷകരുടെ ഏക്കറുകണക്കിന് കൃഷിയാണ് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന നൂറുകണക്കിന് വാനരക്കൂട്ടം നശിപ്പിച്ചത്. കാട്ടാന ശല്യത്തിന് പിന്നാലെയാണ് വാനരപ്പട കൂട്ടത്തോടെ നാട്ടിലിറങ്ങി
നാശം വിതയ്ക്കുന്നത്. ഏക്കറു കണക്കിന് വരുന്ന കൃഷിയിടത്തിലെ വാഴയും കപ്പയും ഏലവും അടക്കമുള്ള കൃഷിവിളകൾ വ്യാപകമായി നശിപ്പിച്ചു. രാജകുമാരി പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട ജണ്ടനിരപ്പ് മേഖലയിലാണ് വാനര ശല്യം രൂക്ഷമായത്. നൂറിലധികം വരുന്ന വാനരന്മാർ കൂട്ടത്തോടെ ഇറങ്ങി കൃഷിവിളകൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്തെ കർഷകരായ കാരക്കുന്ന് മോളി, സലി പുന്നക്കാവിള, വാവകുഴിയിൽ മേരി, നന്ദൻ കാരൻചേരിയിൽ, ടെൽസൺ മാണിക്കോട്ട് എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. എട്ടു മാസത്തോളമായി ഇവിടെ വാനര ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്ചയായി കാർഷികമേഖലയിൽ തമ്പടിച്ചിരിക്കുന്ന വാനര കൂട്ടത്തെ തുരത്തുന്നതിന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമില്ല. കൂലിപ്പണിക്ക് പോലും പോകാൻ കഴിയാതെ
കാർഷികവിളകൾക്ക് കാവൽ നിൽക്കേണ്ട ഗതികേടിലാണ് കർഷകർ. കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഏക ആശ്രയമായ ഏലമാണ് ഇപ്പോൾ വ്യാപകമായി നശിപ്പിക്കുന്നത്. മഴയ്ക്ക് ശേഷം പുതിയതായി വളർന്നുവരുന്ന ചിമ്പുകൾ കീറി നശിപ്പിക്കുകയാണ്.