dhivakaran
വ്യാപാരികളുടെനേതൃത്വത്തിൽ നടത്തുന്ന ഭൂസംരക്ഷണ പ്രചരണ വാഹന ജാഥയ്ക്ക് ചെറുതോണിയിൽ നൽകിയ സ്വീകരണത്തിൽ കെ.എൻ ദിവാകരൻ പ്രസംഗിക്കുന്നു.

ചെറുതോണി: കോടതിയുത്തരവിന്റെ മറവിൽ ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കാനുള്ള സർക്കാർ നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ. വിവാദ ഉത്തരവ് പിൻവലിക്കുക, 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ നടത്തുന്ന ഭൂസംരക്ഷണ പ്രചരണ വാഹന ജാഥയ്ക്ക് ചെറുതോണിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷരെ ഭിന്നിപ്പിച്ചു ഭരിക്കുന്ന സർക്കാർ നയം തിരുത്തണം. ഇടുക്കിയ്ക്ക് മാത്രം നിയമം നടപ്പാക്കിയതിൽ ദുരൂഹതയുണ്ട്. ഉത്തരവ് വന്നശേഷം ജില്ലയിലെ ഭൂമിയ്ക്ക് വിലയില്ലാതായി. ബാങ്കുകൾ ലോൺ നൽകുന്നില്ല. ഇതുമൂലം കർഷകർ കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയ്ക്ക് ബുദ്ധിമുട്ടുകയാണ്. 1964ലെ നിയമംഭേദഗതി ചെയ്താൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം ലഭിക്കൂ. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമം ഭേദഗതി ചെയ്യണമെന്ന് മുൻ ജില്ലാ കളക്ടർ ജി. ഗോകുൽ നൽകിയ റിപ്പോർട്ട് നടപ്പാക്കണമെന്നും പ്രസിഡന്റാവശ്യപ്പെട്ടു. ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള വ്യാപാരികളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കൃഷി ഭൂമിയിലുള്ള മരങ്ങൾ മുറിക്കുരുതെന്ന സർക്കാർ ഉത്തരവിനെതിരെ സമരം നടത്തിയതും വ്യാപാരികളാണ്. 23ന് കളക്ട്രേറ്റിൽ നടത്തുന്ന ഉപവാസ സമരത്തിൽ 142 യൂണിറ്റുകളിൽ നിന്നുള്ള വ്യാപാരികൾ കടകളടച്ച് ഉപവാസത്തിൽ പങ്കെടുക്കും. നിയമ നിർമാണം വരുത്തിയില്ലങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ്‌ ജോസ് കുഴികണ്ടം അദ്ധ്യക്ഷത വഹിച്ചു. സണ്ണി പൈമ്പള്ളിൽ, പി.എം. ബേബി, ഷാജി കണ്ടച്ചാലിൽ, ഡോ. പി.സി. രവീന്ദ്രനാഥ്, ബാബുജോസഫ് എന്നിവർ പ്രസംഗിച്ചു.