കട്ടപ്പന: എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറിന്റെ നേതൃത്വത്തിൽ ജില്ലാ ക്ഷീരകർഷക സഹകാരി സംഗമവും ബോണസ്സ് ഡിവിഡന്റ് വിതരണവും കട്ടപ്പനയിൽ നടന്നു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 33-ാം വാർഷികം പിന്നിട്ട മിൽമ എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ മികച്ച പ്രവർത്തനത്തിലൂടെ 2018- 2019ലെ ഓഡിറ്റ് റിപ്പോർട്ടനുസരിച്ച് അഞ്ചുകോടി 89 ലക്ഷം രൂപയാണ് ലാഭം നേടിയത്. ലാഭത്തിൽ നിന്ന് മേഖലാ യൂണിയനിലെ അംഗങ്ങളായ ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് 10ശതമാനം ഡിവിഡന്റും മേഖലാ യൂണിയന് നൽകിയ പാലിന്റെ അളവനുസരിച്ച് ലിറ്ററിന് 12.3 പൈസാ നിരക്കിലാണ് ബോണസും നൽകുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.സി.എം.എം.എഫ് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.