തൊടുപുഴ: ഭൂവിനിയോഗം സംബന്ധിച്ച് കഴിഞ്ഞ 14ന് സർക്കാർ പുറത്തിറക്കിയ ഭേദഗതി ഉത്തരവ് ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ തീർത്തും അപര്യാപ്തമാണെന്നും സമരം തുടരുമെന്നും യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെയുള്ള നിർമാണ നിരോധനം ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി എന്നീ എട്ടു വില്ലേജുകളിൽ മാത്രമായി നിജപ്പെടുത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഈ എട്ടു വില്ലേജുകളിലെ നിർമാണ നിരോധനവും റദാക്കണം. ഹൈക്കോടതി ഉത്തരവിൽ പ്രതിപാദിച്ചിട്ടുള്ള എട്ട് വില്ലേജുകളിൽ മാത്രമായി നിർമാണ നിരോധനം നിജപ്പെടുത്തി എന്ന സർക്കാർ വിശദീകരണം സത്യവിരുദ്ധമാണ്. ഹൈക്കോടതി ഉത്തരവിൽ മൂന്നാർ മേഖലയെന്ന് മാത്രമാണുള്ളത്. വില്ലേജുകൾ ഏതൊക്കെയാണെന്ന് തീരുമാനിച്ചത് സംസ്ഥാന സർക്കാരാണ്. മൂന്നാർ പഞ്ചായത്തിന് പുറത്തുള്ള വില്ലേജുകൾ മൂന്നാർ മേഖലയിൽ ഉൾപ്പെടും എന്ന് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുമില്ല. ഇടതു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇതേ സർക്കാർ തന്നെ ഭേദഗതി ചെയ്തു എന്ന് പറയുന്നതിൽ വലിയ കാര്യമല്ല. ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തിടത്തോളം കാലം മുൻകാല ഉത്തരവുകൾ പൂർണമായും പിൻവലിച്ചാൽ പോലും ജില്ലയിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ല. ഭൂമിപതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങൾ പരാജയപ്പെടുത്താൻ യാതൊരു ഉത്തമ വിശ്വാസവുമില്ലാതെ പുറപ്പെടുവിച്ചിട്ടുള്ളതാണ് ഭേദഗതി ഉത്തരവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. അതിനാൽ യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇവർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്.അശോകൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, സി.എം.പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.