തൊടുപുഴ : വണ്ണപ്പുറം വില്ലേജിന്റെ 1961 ലെ കേരള സർവെ അതിരടയാള നിയമം അനുസരിച്ചു പൂർത്തിയാക്കിയിട്ടുള്ള റീസർവേ റിക്കാർഡുകൾ റവന്യൂ ഭരണത്തിൽ വരുത്തുന്നതിന് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫീസ്, സർവ്വേ സൂപ്രണ്ടാഫീസ് എന്നിവിടങ്ങളിലേക്ക് റീ സർവ്വെ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്ന് കൈമാറണമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ ഉത്തരവിട്ടു. തൊടുപുഴ താലൂക്ക് ഓഫീസിലേക്ക് ഫീൽഡ് മെഷർമെന്റ് ബുക്ക്, ബേസിക് ടാക്‌സ് രജിസ്റ്റർ, ബ്ലോക്ക് മാപ്, കമ്പയിന്റ് കോറിലേഷൻ രജിസ്റ്റർ, ഏരിയ രജിസ്റ്റർ, എന്നിവയുടെ ഒരു പകർപ്പ് നൽകണം. ഫീൽഡ് മെഷർമെന്റ് ബുക്ക്, ബേസിക് ടാക്‌സ് രജിസ്റ്റർ, ബ്ലോക്ക് മാപ്, കമ്പയിന്റ് കോറിലേഷൻ രജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ട് രജിസ്റ്റർ, തരിശ് /പുറമ്പോക്ക് രജിസ്റ്റർ/നാളത് പുറമ്പോക്ക് രജിസ്റ്റർ എന്നിവയുടെ പകർപ്പ് തൊടുപുഴ തഹസിൽദാർ വണ്ണപ്പുറം വില്ലേജ് ഓഫീസർക്ക് കൈമാറണം.
കാരിക്കോട് സബ് റെജിസ്ട്രാർക്ക് ബേസിക് ടാക്‌സ് രജിസ്റ്ററിന്റെ പകർപ്പ് കൈമാറണം. ഫീൽഡ് മെഷർമെന്റ് ബുക്ക്, ബേസിക് ടാക്‌സ് രജിസ്റ്റർ, ബ്ലോക്ക് മാപ്, കമ്പയിന്റ് കോറിലേഷൻ രജിസ്റ്റർ, ഏരിയ ലിസ്റ്റ്, പുറമ്പോക്ക് രജിസ്റ്റർ, നാളത് പുറമ്പോക്ക് രജിസ്റ്റർ എന്നിവയുടെ പകർപ്പ് തൊടുപുഴ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ആഫീസിൽ സൂക്ഷിക്കണം. റിക്കാർഡുകൾ ഒക്ടോബർ പത്തു മുതൽ പ്രാബല്യത്തിൽ വന്നു. അന്തിമ രൂപത്തിലാക്കിയ റീസർവേ രേഖകൾ ഭാവിയിൽ എല്ലാ കാര്യങ്ങൾക്കും അടിസ്ഥാനരേഖ ആയിരിക്കും.
ഫൈനൽ ചെയ്ത റീസർവേ നമ്പറുകൾ പത്താം തിയതി മുതൽ സബ് റെജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പ്രമാണങ്ങളിലും കരണങ്ങളിലും ചേർക്കും. വണ്ണപ്പുറം വില്ലേജിന്റെ റീസർവേ റെക്കോർഡുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ 2017 ഓഗസ്ര് 26 ലെ സർക്കാർ ഉത്തരവ് പ്രകാരം ഭൂരേഖ തഹസിൽദാർ നിലവിലുള്ള റവന്യൂ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും. റീസർവ്വേ റിക്കാർഡിന്റെ അടിസ്ഥാനത്തിൽ കരം ഒടുക്കാൻ കഴിയാതെ വരുന്ന ഭൂഉടമകൾക്ക് ഒരു വർഷത്തേക്ക് താൽക്കാലിക കരം ഒടുക്കാനുള്ള ക്രമീകരണം വില്ലേജ് ഓഫീസർ നിർവ്വഹിക്കണമെന്നുമാണ് ഉത്തരവ്.