തൊടുപുഴ: കെഎസ്ആര്‍ടിസിയുടെ പ്രവർത്തന സജ്ജമായ പുതിയ ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഡയറക്ടർ ബോർഡ് അംഗം സി വി വർഗീസിന്റെ നേതൃത്വത്തിൽ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവിൽ എന്‍ജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ പുതിയ മന്ദിര സമുച്ചയത്തില്‍ പരിശോധന നടത്തി. നഗരസഭ കൗൺസിൽ അംഗം രാജീവ്‌ പുഷ്പാംഗദനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ 11 ന് എത്തിയ സംഘം പുതിയ മന്ദിരത്തിന്റെ എല്ലായിടവും ചുറ്റി നടന്ന് പ്രവർത്തികൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി.അടിയന്തിരമായ തീര്‍ക്കേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായിട്ടാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ആദ്യ ഘട്ടത്തില്‍ അഡ്മിനിസ്ട്രേഷൻ വിഭാഗം, ജീവനക്കാരുടെ താമസം, യാത്രക്കാര്‍ക്കായി വിശ്രമ സ്ഥലം, മെക്കാനിക്കല്‍ വിഭാഗം, സിവില്‍, വൈദ്യുതീകരണം, ശൗചാലയം, എന്നിവ അടിയന്തിരമായി സജ്ജമാക്കാനാണ് തീരുമാനം.

എംഎല്‍എ ഫണ്ട് വിനിയോഗിച്ച് മന്ദിരത്തിന്റെ ചുറ്റിലും, വർക്ക്ഷോപ്പിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാന്‍ പി.ജെ.ജോസഫ് എംഎല്‍എയുമായി ആലോചന നടത്തും. ഡിപ്പോയ്ക്ക് അവശ്യ സംവിധാനങ്ങള്‍ ക്രമീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ 85 ലക്ഷം രൂപാ കണ്ടെത്തേണ്ടതുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. പത്ത് കടമുറികള്‍ നേരത്തെ ലേലം ചെയ്തത് വഴി 45 ലക്ഷം രൂപ ഡിപ്പോസിറ്റ് ഇനത്തില്‍ കിട്ടാനുണ്ട്. ഇത് ഉദ്ഘാടനത്തിന് മുമ്പ് കൈമാറാമെന്ന് വാടകക്കാര്‍ അറിയിച്ചിട്ടുണ്ട്. ഓഫീസ് ഒഴികെയുള്ള മറ്റ് മുറികളുടെ കൊട്ടേഷൻ നവംബർ 14 വരെ സ്വീകരിക്കും. ഇതിലൂടെ ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയുമായി ചര്‍ച്ച ചെയ്ത് ധാരണയാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ഡിപ്പോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി, പി.ജെ.ജോസഫ് എംഎല്‍എ, കെഎസ്ആര്‍ടിസി എം.ഡി., ഡയറക്ടർ ബോർഡ് അംഗം സി വി വർഗീസ്, എന്നിവർ പങ്കെടുക്കുന്ന നവംബര്‍ ഒന്നിലെ യോഗത്തില്‍ ഡിപ്പോ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളേക്കുറിച്ച് അന്തിമ വിലയിരുത്തല്‍ നടത്തും. സിവില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ.ശ്രീവത്സന്‍, എഎക്‌സ്ഇ. ഉബൈദുല്ല, എ.ഇ. അഫ്‌സല്‍ ബാബു, ഇലക്ട്രിക്കല്‍ വിഭാഗം എഎക്‌സ്ഇ. ശ്രീജിത്, ഡിപ്പോ എന്‍ജിനീയര്‍ പ്രശാന്ത് കൈമള്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എം എൻ അനില്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.