മുട്ടം: മലങ്കര ടൂറിസം പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള യോഗം തിങ്കളാഴ്ച്ച നടക്കും.രാവിലെ 11 ന് മലങ്കരയിലുള്ള ജലവിഭവ വകുപ്പിന്റെ ഹാളിലാണ് യോഗം . പദ്ധതിയുമായി ബന്ധപ്പെട്ട് ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണം പൂർത്തിയാക്കിയ എൻട്രൻസ് പ്ലാസയുടേയും കുട്ടികളുടെ പാർക്കിന്റേയും ഉത്ഘാടനം, മറ്റ് തുടർ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങൾക്കാണ് യോഗം ചേരുന്നത്. പി ജെ ജോസഫ് എം എൽ എ, കളക്ടർ എച്ച് ദിനേശ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജയൻ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ജല വിഭവ എക്സികുട്ടീവ് എൻജിനീയർ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, വാർഡ് മെമ്പർ ബിജോയ് ജോൺ, സുമോൾ ജോയ്‌സൺ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പാർക്കിലെ കളി ഉപകരണങ്ങൾ കേട് വരുത്തുന്നു
മുട്ടം: മലങ്കര ടൂറിസം പദ്ധതിയോട് അനുബന്ധിച്ചുള്ള കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന കളി ഉപകരണങ്ങൾ കേട് വരുത്തുന്നതായി ആക്ഷേപം. പാർക്കിലെ കളി ഉപകരണങ്ങൾ പ്രധാനമായും മൂന്ന് വയസ് മുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികൾകളായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഏഴ് വയസിന് മുകളിലുള്ള കുട്ടികളും മുതിർന്നവരും കളി ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിനാൽ ഇതിനെല്ലാം നാശം സംഭവിക്കുകയാണ്. ഇക്കാരണങ്ങളാൽ കുട്ടികളുടെ പാർക്കിലേക്ക് പൊതു ജനത്തിന് പ്രവേശനം നൽകാതെ ഏതാനും മാസങ്ങളായി അധികൃതർ കയർ കെട്ടിതിരിച്ച് പ്രവേശിക്കരുത് എന്നുള്ള ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്ന സന്ദർശകർ നിയന്ത്രണങ്ങൾ വക വെക്കാതെ പാർക്കിൽ പ്രവേശിക്കുന്ന അവസ്ഥയാണ് നില നിൽക്കുന്നതും. ഇതിനെല്ലാം ശാശ്വത പരിഹാരം കണ്ടെത്തി മലങ്കരയിൽ വിഭാവനം ചെയ്ത ടൂറിസം പദ്ധതി ഉടൻ പൂർത്തിയാക്കണമെന്നും ഉദ്‌ഘാടനത്തിന് സജ്ജമായ കുട്ടികളുടെ പാർക്കും എൻട്രൻസ് പ്ലാസയും പൊതു ജനത്തിന് തുറന്ന് കൊടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.