തൊടുപുഴ: ക്ഷീര കർഷകർക്ക് കന്നുകാലികളുടെ കുളമ്പു സംബന്ധമായ പ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ മൃഗഡോക്ടർമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമിട്ട് പശുക്കളിലെ ശാസ്ത്രീയ കുളമ്പു പരിപാലനം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലാണ് വെറ്ററിനിറി സർജൻമാർക്കായി മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിൽ പരിശീലന ക്യാമ്പ് നടത്തിയത്. ഫാമുകളിലും തൊഴുത്തുകളിലും വേണ്ടത്ര വ്യായാമം ലഭിക്കാതെ നിൽക്കുന്ന കന്നുകാലികൾക്കാണ് കുളമ്പുരോഗ സാദ്ധ്യത കൂടുതലായി കണ്ടു വരുന്നതെന്ന് ക്യാമ്പിൽ അഭിപ്രായം ഉയർന്നു. മൂന്നുഘട്ടമായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. നിഷാന്ത്.എം പ്രഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. സാജു ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.ജയ്‌സൺ ജോർജ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജിജി മോൻ ജോസഫ്, ഡോ. അനീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി.