adimali
കോൺഗ്രസ് പ്രവർത്തകനെ പോലീസ് വാഹനത്തിൽ കയറ്റുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നു

അടിമാലിസ്വകാര്യ ബസ് തൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം അടിമാലി ടൗണിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തികുത്തേറ്റു.വൈകിട്ട് ആറ്മണിയോടെയായിരുന്നു ടൗണിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.കോൺഗ്രസ് പ്രവർത്തകനായ ആളെ അടിമാലി താലൂക്കാശുപത്രി മുറ്റത്ത് വച്ച് ഒരു പറ്റം ആളുകൾ ചേർന്ന് മർദ്ദിക്കാൻ ശ്രമിച്ചതോടെയാണ് ടൗണിൽ അനിഷ്ട സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്.ആളുകളുടെ എണ്ണമേറിയതോടെ കോൺഗ്രസ് പ്രവർത്തകൻ പുറത്തേക്കൊടി രക്ഷപ്പെട്ടു.അടിമാലി സിഐയും ഏതാനും ചില പൊലീസ് ഉദ്യോഗസ്ഥരും മാത്രമായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്.സംഘർഷത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകനു നേരെ കല്ലേറുമുണ്ടായി.സംഘർഷം മൂർഛിച്ചതോടെ ഇയാൾ സമീപത്തെ പച്ചക്കറിക്കടക്കുള്ളിലേക്ക് ഓടി കയറി.ഇവിടെ വച്ചുണ്ടായ ഉന്തിനും തള്ളിനും ഇടയിലാണ് ഒരാൾക്ക് കത്തികത്തേറ്റത്.ആളെണ്ണമേറിയതോടെ ദേശിയപാതയിൽ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.പൊലീസ് വാഹനം കടക്കു സമീപത്തേക്കെത്തിച്ച് കോൺഗ്രസ് പ്രവർത്തകനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.ഇതിനിടയിൽ കൂടുതൽ പോലീസെത്തുകയും ബലപ്രയോഗത്തിലൂടെ പ്രവർത്തകനെ പൊലീസ് വാഹനത്തിൽ കയറ്റുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു.ഒരു മണിക്കൂറോളം നീണ്ട സംഘർഷാവസ്ഥക്കു ശേഷമാണ് അടിമാലി ടൗണിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്.