ചെറുതോണി : പി.എസ്.സി പരീക്ഷളിൽ പോലും ക്രമക്കേടുകൾ കാണിച്ച് പാർട്ടിപ്രവർത്തകരെ കുത്തിനിറക്കുന്നതിനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തിവരുന്നതെന്ന് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് പറഞ്ഞു.
തൊടുപുഴയിൽ നിന്നും ഇടുക്കി ജില്ലാ കളക്‌ട്രേറ്റിലേക്കുള്ള അതിജീവന പോരാട്ടറാലിയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, സർക്കാർ നിയമനങ്ങൾ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഇരുചക്ര വാഹനറാലി.
യൂണിവേഴ്സിറ്റി പരീക്ഷകളിൽപോലും മാർക്ക് ഇഷ്ടക്കാർക്ക് അദാലത്ത് വഴി കൂട്ടിനൽകി മികച്ച വിജയം നൽകുന്നതിന് ചുക്കാൻപിടിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണം. ഈ സർക്കാർ അധികാരത്തിൽ കയറിയതിനുശേഷമുള്ള മുഴുവൻ നിയമനങ്ങളും പരിശോധിക്കണമെന്നും അബേഷ് ആവശ്യപ്പെട്ടു.
കെ.എസ്.സി(എം) ജില്ലാപ്രസിഡന്റ് ആൽബിൻ വറപോളയ്ലിന്റെ നേതൃത്വത്തിൽ , ജില്ലാ-നിയോജകമണ്ഡലം ഭാരവാഹികളായ അഖിൽ ജോർജ്ജ്, മാത്യു അറയ്ക്കൽ, അനന്ദു സജീവൻ, റോഷൻ ചുമപ്പുങ്കൽ, ജോജോ വള്ളാടിയിൽ, ആൽബിൻ ജോസഫ് തുടങ്ങിയവർ റാലി നയിച്ചു.