ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ- കുളപ്പാറ സംയുക്ത സമിതിയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാല് മണിയോടെ ഉടുമ്പന്നൂരിലെത്തിയ ജനറൽ സെക്രട്ടറിയെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ യൂണിയൻ നേതാക്കളും ശാഖാ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് ഉടുമ്പന്നൂർ ശ്രീനാരായണ നഗറിലെ (തൃക്കയിൽ ക്ഷേത്രത്തിന് എതിർവശം) വേദിയിൽ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വെള്ളാപ്പള്ളി നടേശൻ ഭദ്ര ദീപപ്രകാശനം നിർവഹിച്ചു. തുടർന്ന് സംസാരിച്ച അദ്ദേഹം ഈഴവ സമുദായം ഒന്നാകാത്തതിനാൽ നന്നാവത്തതെന്ന് പറഞ്ഞു. ' ശക്തിയുള്ളവർ എല്ലാമുള്ളവർ, ശക്തിഹീനർ സർവഹീനർ, ശക്താരാകാൻ നാം സംഘടിക്കുവിൻ" എന്ന് സഹോദര അയ്യപ്പൻ പറഞ്ഞിട്ടുണ്ട്. രാജ്യത്തെമ്പാടും ശക്തിയുള്ളവരാണ് നയിക്കുന്നത്. ശക്തിയില്ലാത്തവർ ഒന്നുമില്ലാത്തവരായി മാറും. ഒരു സമുദായത്തിന്റെ അവകാശം നമ്മൾ പിടിച്ചുവാങ്ങണ്ട. പക്ഷേ,​ അർഹമായത് ചോദിച്ചുവാങ്ങണം. അതിന് ഒരുമിച്ച് നിൽക്കണം. ഉടുമ്പന്നൂർ- കുളപ്പാറ സംയുക്തസമിതി ഒറ്റക്കെട്ടായി നിന്നതിനാലാണ് നേട്ടമുണ്ടായത്. അതുപോലെ എല്ലാവരും ഒരുമിച്ച് നിന്നാൽ മുന്നേറാനാകും. ഇടുക്കിയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈഴവർക്ക് പഠിക്കാൻ അവസരം നൽകുന്ന ഏതെങ്കിലും കോളേജുണ്ടോ. നമ്മുടെ കൂട്ടായ്മയുടെ കുറവ് തന്നെയാണിത്. ഇടുക്കി ജില്ലയിൽ തന്നെ എത്ര എയ്ഡഡ് കോളേജുകളുണ്ട്. എന്നാൽ അതിൽ എത്രയെണ്ണം നമുക്കുണ്ട്. ഈ അവഗണന ഇനിയും ആവർത്തിക്കാതിരിക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കണം. ജാതിവിവേചനം ഇല്ലാതാകുന്നതോടൊപ്പം സാമൂഹ്യനീതിയും സ്ഥിതി സമത്വവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവ ഛായാചിത്രം അനാച്ഛാദനം യൂണിയൻ കൺവീനർ ഡോ. കെ. സോമൻ നിർവഹിച്ചു. യോഗം അസി. സെക്രട്ടറി വി. ജയേഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ ഷാജി കല്ലാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് താക്കോൽദാനം നിർവഹിച്ചു. ഉടുമ്പന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സീതി, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, ഇളംദേശം ബ്ളോക്ക് വൈസ് പ്രസിഡന്റ് സോമി പുളിയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീല സുരേന്ദ്രൻ, തൊടുപുഴ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി മൃദുല വിശ്വംഭരൻ, ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ടി ഷിബു, കുളപ്പാറ ശാഖാ പ്രസിഡന്റ് പി.പി. ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അശ്വതി മധു, ഐ.ഡി.സി.ബി മാനേജർ കെ. മനോജ്, സംയുക്ത സമിതി വൈസ് പ്രസിഡന്റ് ശിവൻ കള്ളാട്ട്, ഉടുമ്പന്നൂർ ശാഖാ വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ, കുളപ്പാറ ശാഖാ വൈസ് പ്രസിഡന്റ് ഒ.ജി. വിനോദ്, ഉടുമ്പന്നൂർ ശാഖാ സെക്രട്ടറി പി.കെ. രാമചന്ദ്രൻ, കുളപ്പാറ ശാഖാ സെക്രട്ടറി എം.എസ്. വിജയൻ, ഉടുമ്പന്നൂർ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, ഉടുമ്പന്നൂർ വനിതാ സംഘം സെക്രട്ടറി ശ്രീമോൾ ഷിജു, കുളപ്പാറ വനിതാ സംഘം പ്രസിഡന്റ് സിനി ബിജു, വനിതാസംഘം സെക്രട്ടറി ബീന ജോജോ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് പി.ജെ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംയുക്ത സമിതി പ്രസിഡന്റ് കെ.എൻ രാജേന്ദ്രൻ സ്വാഗതവും സംയുക്ത സമിതി സെക്രട്ടറി ശിവൻ വരിയ്ക്കനാനിക്കൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് ശേഷം കലാഭവൻ ഡെൻസൺ നയിക്കുന്ന ഗാനമേളയും നടന്നു.