nateshan-happy

ഉടുമ്പന്നൂർ: ചങ്ങനാശേരിക്കാരനായ ഒരു നേതാവ് ഈഴവ സമുദായത്തെക്കുറിച്ച് സുപ്രീംകോടതിയിൽ അസത്യം പറഞ്ഞെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസം സുപ്രീകോടതിയുടെ പരിഗണനയ്ക്കു വന്ന ഒരു കേസിൽ ഈ നേതാവ് പറഞ്ഞത് ഈഴവരെല്ലാം ജന്മികളായെന്നാണ്. പണ്ട് കൂലിക്കാരായിരുന്ന ഈഴവർ ഭൂപരിഷ്കരണം വന്നപ്പോൾ പണക്കാരായത്രേ! പല സർക്കാർ വകുപ്പുകളും ഈഴവരെക്കൊണ്ട് നിറഞ്ഞെന്നും ഒരു ആധികാരിക രേഖയുമില്ലാതെ നേതാവ് സത്യവാങ്മൂലം നൽകിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ- കുളപ്പാറ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗം ജനറൽ സെക്രട്ടറി.

14 ശതമാനം സംവരണം കഴിഞ്ഞ് ഈഴവ സമുദായത്തിന് മെറിറ്റിൽ കിട്ടുന്നത് നാല് ശതമാനമാണെന്ന് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതായത്, സംവരണം ഇല്ലായിരുന്നെങ്കിൽ വെറും നാലു ശതമാനമാണ് ഈഴവർക്ക് കിട്ടുക. ഇത്തരത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന അവസ്ഥയാണ് ഇവിടെ. നവോത്ഥാന മൂല്യങ്ങൾ തകർത്ത് വർഗീയത വളർത്തുന്ന ദുരവസ്ഥയാണ് എവിടെയും. അതുകൊണ്ടുതന്നെ നവോത്ഥാന മൂല്യസംരക്ഷണം കേരളത്തിൽ അനിവാര്യമായി.

ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങളുടെ പ്രസക്തി ലോകം തിരിച്ചറിയുന്ന അവസരത്തിലാണ് ഇത്തരം ജാതിക്കോമരങ്ങൾ കേരളത്തിൽ ജാതിവിദ്വേഷം പ്രചരിപ്പിച്ച് അസത്യം പറഞ്ഞ് പകലിനെ ഇരുട്ടാക്കുന്നത്. കിടപ്പാടമില്ലാത്തവരുടെ കണക്കെടുത്താൽ ഭൂരിഭാഗവും ഈഴവ സമുദായക്കാരും, പട്ടികജാതി- വർഗക്കാരുമാണ്. ഇതെല്ലാം മറച്ചുവച്ച് പിന്നാക്കസമുദായ ഐക്യം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്- വെള്ളാപ്പള്ളി പറഞ്ഞു.രാജ്യത്ത് സാമൂഹ്യനീതിയാണ് നടപ്പിലാക്കേണ്ടതെന്നും ജനസംഖ്യാനുപാതികമായി എല്ലാവർക്കും തുല്യ രാഷ്ട്രീയ- വിദ്യാഭ്യാസ- സാമ്പത്തിക നീതി ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.