ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ പദ്ധതി തുകകൾക്കായി പട്ടികവർഗ്ഗ സംരംഭകർക്കുള്ള വായ്പാ പദ്ധതിക്ക് യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ തൊഴിൽരഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും , നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയാൻ പാടില്ല. വായ്പാ തുകയ്ക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ, മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് സംരംഭം ആരംഭിക്കാം. വായ്പാ തുക ആറ് ശതമാനം. പലിശ സഹിതം 5 വർഷംകൊണ്ട് തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താൽപ്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കുയിലിമലയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.