തൊടുപുഴ : സംസ്ഥാന സർക്കാർ ആഗസ്റ്റ് 22 ന് കൊണ്ടുവന്ന പട്ടയഭേദഗതി ഉത്തരവിലൂടെ ജില്ലയിലേക്ക് പുതിയ ഭൂപ്രശ്‌നങ്ങൾ ക്ഷണിച്ച് വരുത്തിയിരിക്കുകയാണെന്നും ഈ ഉത്തരവുകൾ ആരുടെ ആവശ്യപ്രകാരമാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 5000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പിലാക്കുക, വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും കൃഷിഭൂമി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാകമ്മിറ്റി ജില്ലയിൽ നടത്തുന്ന കർഷക സംരക്ഷണ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷി അഗസ്റ്റിൻ എം.എൽ.എ യും ജില്ലാപ്രസിഡന്റ് ജോസ് പാലത്തിനാലും ക്യാപ്റ്റൻമാരായി നാല് ദിവസം നീണ്ടുനിൽക്കുന്ന ജാഥക്കാണ്
തുടക്കമിട്ടിരിക്കുന്നത്.
സംസ്ഥാന സർക്കാരുതന്നെ പുതിയ ഉത്തരവുകൾ ഇറക്കി ഭൂപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നത് വരും കാലങ്ങളിൽ സംസ്ഥാനത്ത് മുഴുവൻ വലിയ പ്രത്യഖ്യാതത്തിന് കാരണമാകുമെന്നതിനാൽ ഉത്തരവ് പൂർണ്ണമായും പിൻവലിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ പറഞ്ഞു.
മൂന്നാർ സംരക്ഷണത്തിനായി 2016 മുതൽ തന്നെ റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കി സർക്കുലർ നിലവിലുള്ളതാണ്. കെ.ഡി.എച്ച് വില്ലേജിന്റെ പരിധിയിൽ വരുന്ന മൂന്നാറിന്റെ സംരക്ഷണത്തിനായി മറ്റ് സർക്കാരിന് ജില്ലയോടുള്ള സമീപനം നിഷ്പക്ഷമെങ്കിൽ ഇത്തരവ് പൂർണ്ണമായും പിൻവലിക്കുകയും ഭൂപ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 1964 ഭൂപതിവ് ചട്ടങ്ങളിളിലും 1993 ഭൂപതിവ് ചട്ടങ്ങളിലും നിയമ ഭേദഗതി നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇതിനായി നിയമസഭയിലും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗത്തിൽ ജില്ലാപ്രസിഡന്റ് ജോസ് പാലത്തിനാൽ , സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല, ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറണാകുന്നേൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷാജി കാഞ്ഞമല, ജിൻസൻ വർക്കി തുടങ്ങിയവർ സംസാരിച്ചു.
മുട്ടം, കാഞ്ഞാർ, അറക്കുളം, ഇളംദേശം, ഉടുമ്പന്നൂർ,കരിമണ്ണൂർ വണ്ണപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കഞ്ഞിക്കുഴിയിലെ ആദ്യദിന സമാപനയോഗം സമാപിച്ചു.
രണ്ടാം ദിവസമായ ഇന്ന് രാവിലെ 9 ന് അടിമാലിയിൽ ജോസഫ് എം.പുതുശേരി എക്‌സ് എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്യും
ഫോട്ടോ :
കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കർഷക സംരക്ഷണ ജാഥയുടെ ഫ്‌ളാഗ് ഓഫ് കരിങ്കുന്നത്ത് തോമസ് ചാഴികാടൻ എം.പി നിർവ്വഹിക്കുന്നു.