തൊടുപുഴ: ഇടുക്കിയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നസർക്കാർ ഉത്തരവുകൾ അസാധുവാക്കണമെന്നാവശ്യപ്പെട്ട് നാളെ ജില്ലയിലെ മുഴുവൻ കടകമ്പോളങ്ങളും അടച്ചിട്ട് ആയിരക്കണക്കിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ ഉപവാസസമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരത്തിന് ബഹുജനങ്ങളും കൃഷിക്കാരും കർഷക തൊഴിലാളികളും ഇതര വിഭാഗം തൊഴിലാളികളും പിന്തുണ അറിയിച്ചിട്ടുണ്ട്. ജില്ലയിലാകെ 15 മുതൽ 18 വരെ വാഹന പ്രചാരണ ജാഥകൾ വഴി മുഴുവൻ യൂണിറ്റുകളും സന്ദർശിച്ച് ബഹുജനങ്ങളെയടക്കം ഇക്കാര്യത്തിൽ ബോധവത്കരണം നടത്തിയിരുന്നു. വീടുകളല്ലാത്ത മുഴുവൻ കെട്ടിടങ്ങളും നിയമവിരുദ്ധമാണെന്നും പിടിച്ചെടുക്കുമെന്നുമാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 1500 ചതുരശ്ര അടിയിൽ താഴെയുള്ളതും 15 സെന്റിൽ താഴെ ഭൂമിയിൽ പണിതിട്ടുള്ളതുമായ കെട്ടിടങ്ങൾ ഉടമകൾക്ക് ക്രമപ്പെടുത്തി കൊടുക്കണമെങ്കിൽ ആ കെട്ടിടം മാത്രമാണ് സ്വന്തമായുള്ളതെന്നും ഏക ഉപജീവന മാർഗമാണെന്നും സംസ്ഥാനത്ത് മറ്റൊരിടത്തും ഭൂമിയില്ലെന്നും തെളിയിക്കണം. 25-09-2019 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ഉത്തരവ് പ്രകാരം ഭൂമി പതിവ് ചട്ടം 4 പറയുന്ന പ്രകാരം ഭൂവിനിയോഗത്തിന് അനുമതിയില്ല എന്ന കാരണത്താൽ വീടുകളല്ലാതെ യാതൊരുവിധ കെട്ടിടങ്ങളും ജില്ലയിൽ നിർമ്മിക്കാൻ സാധിക്കില്ല. 14ന് ഇറക്കിയ പുതിയ ഉത്തരവിൽ കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതിപത്രം വാങ്ങണമെന്നുള്ളത് മൂന്നാർ ഉൾപ്പെടുന്ന എട്ട് വില്ലേജുകളിൽ മാത്രമായി ചുരുക്കിയിട്ടുണ്ട്. മറ്റൊന്ന് വാഗമൺ, ഇടുക്കി പ്രദേശത്ത് മാത്രമാക്കി അനുമതിപത്രം വാങ്ങണമെന്നത് ചുരുക്കി. ഇത്തരം മാറ്റങ്ങൾ ഉത്തരവിൽ വരുത്തിയതുകൊണ്ട് ജില്ലയിലെ ഭൂവിനിയോഗനയത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. നിരോധനങ്ങളും വീടല്ലാതെ പണിതിട്ടുള്ള വാണിജ്യസമുച്ചയങ്ങൾ, ആരാധനാലയങ്ങൾ, പെട്രോൾ പമ്പുകൾ, ആഡിറ്റോറിയങ്ങൾ, സ്റ്റേഡിയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ഗ്രന്ഥശാലകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവയെല്ലാം അനധികൃതമാണെന്നതും അവയെല്ലാം സർക്കാർ പിടിച്ചെടുക്കുമെന്നതുമായ ഉത്തരവ് പിൻവലിക്കപ്പെട്ടിട്ടില്ല. 1995-ൽ നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും മാത്രമായി ഭൂമിപതിവ് നിയമത്തിലെ 4-ാം ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്. അത് പ്രകാരം വാണിജ്യ സമുച്ചയങ്ങൾക്കും ചാരിറ്റബിൾ നിയമം, കമ്പനി നിയമം തുടങ്ങിയവയെല്ലാം അനുസരിച്ച് എല്ലാത്തരം കെട്ടിടങ്ങളും നിർമ്മിക്കാൻ അനുമതി നൽകുന്നു. ഇതേ ഭേദഗതി പഞ്ചായത്തുകൾക്കുകൂടി ബാധകമാക്കിയാൽ ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ട്രഷറർ സണ്ണി പൈമ്പിള്ളി, ജില്ലാ സെക്രട്ടറി പി.എം. ബേബി എന്നിവർ പങ്കെടുത്തു.