തൊടുപുഴ: ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം- 2019 ഇന്നും നാളെയും കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, സയൻസ് ഫെയർ, ഐ.ടി മേള, പ്രവൃത്തി പരിചയമേള എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തിൽ ഏഴ് വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, സയൻസ് ഫെയർ, ഐ.ടി മേള എന്നിവ ഇന്നും പ്രവൃത്തി പരിചയമേള നാളെയുമാണ് നടക്കുക. മേളയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ. മിനി പതാക ഉയർത്തും. 10ന് മത്സരങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മേളയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ബേസിൽ ജോൺ, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ആന്റണി ഞാലിപ്പറമ്പിൽ, പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പള്ളിൽ എന്നിവർ പ്രസംഗിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ നന്ദിയും പറയും. മേളയുടെ സുഗമമായ നടത്തിപ്പിനായി 151 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തും. മേളയ്ക്കെത്തുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാവും മേളയുടെ നടത്തിപ്പ്. വാർത്താസമ്മേളനത്തിൽ മേള പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ. മിനി, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, പബ്ലിസിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ, പ്രോഗ്രാം കൺവീനർ ബിജു ജോസഫ് എന്നിവർ പങ്കെടുത്തു.