തൊടുപുഴ: കരിമണ്ണൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കരിമണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് ഡി. ദേവസ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം പൂർത്തിയാക്കിയ 48 വീടുകളുടെ താക്കോൽദാനം, പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഹൗസ് പ്ലോട്ടുകളുടെ വിതരണം, നവീകരിച്ച മഹാത്മാ ഗാന്ധി ജന്മദിന സ്മാരക ടൗൺഹാളിന്റെ ഉദ്ഘാടനം എന്നിവ മന്ത്രി എം.എം. മണി നിർവഹിക്കും. പി.ജെ.ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പ്രസംഗിക്കും. ആർദ്രം പദ്ധതിയിൽപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ, 14 വാർഡുകളിലും വഴി വിളക്കുകകൾ, നെയ്യശേരിയിൽ പുതിയ വോളിബോൾ കോർട്ട് എന്നിങ്ങനെ വിവിധ പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കി വരികയാണെന്നും ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി, മെമ്പർമാരായ സുകു കുമാർ, ജോസ്‌മി ജോസ്, ആനിയമ്മ ജോർജ് എന്നിവരും പങ്കെടുത്തു.