ചെറുതോണി: ഭൂപ്രശ്‌നങ്ങൾ പറഞ്ഞുകൊണ്ട് ജില്ലയിലെ കർഷകരെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ കർഷകരെ ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. ജോയി തോമസ് പറഞ്ഞു. ഓഗസ്റ്റ് 22 ലെ സംസ്ഥാന സർക്കാരിന്റെ പട്ടയം റദ്ദാക്കൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ചെറുതോണിയിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ പട്ടയം റദ്ദാക്കൽ നിയമം പിൻവലിച്ചുവെന്ന പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ബോധപൂർവ്വം നടത്തുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. രാപ്പകൽ സമരത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു എം.പി. ജനവിരുദ്ധ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ് കോൺഗ്രസ് പാർട്ടി സമരവുമായി മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നടത്തുന്ന ഈ സമരത്തിൽ ഇടുക്കിയെ സ്‌നേഹിക്കുന്ന എല്ലാവരും സ്വയം പങ്കാളികളാകണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ജോസ് ഊരക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ പുരുഷോത്തമൻ, തോമസ് രാജൻ, എം.ഡി അർജുനൻ, ആഗസ്തി അഴകത്ത്, പി.ഡി ശോശാമ്മ, അഗസ്റ്റിൻ സ്രാമ്പിക്കൽ, എൻ പുരുഷോത്തമൻ, പി.ഡി ജോസഫ്, അനിൽ ആനയ്ക്കനാട്ട്, ജോയി വർഗീസ്, അഡ്വ.അനീഷ് ജോർജ്, സി.പി സലീം, റോയി കൊച്ചുപുര, തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുതോണിയിൽ നടന്ന രാപ്പകൽ സമരത്തിൽ ഡീൻ കുര്യാക്കോസ് എം.പി പ്രസംഗിക്കുന്നു.