തൊടുപുഴ: ഹരിത കർമസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ പല നഗരസഭാ വാർഡുകളിലും ഇടമില്ല. പല വാർഡുകളിലും മാലിന്യം സൂക്ഷിക്കാൻ സംവിധാനമില്ലെന്ന് കേരളാ കോൺഗ്രസിലെ ലൂസി ജോസഫാണ് ആദ്യം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേ ആക്ഷേപം മറ്റ് കൗൺസിലർമാരും ഉന്നയിച്ചു.
മാലിന്യം സംഭരിക്കാൻ സെമി പെർമെനന്റ് ഷെഡുകൾ പരീക്ഷിക്കുന്നത് ഉചിതമാകുമെന്ന് ആർ. ഹരി പറഞ്ഞു. നഗരസഭയിലെ വാർഡുകൾ ചേരുന്നയിടത്ത് പൊതു ഇടങ്ങൾ കണ്ടെത്തി ഇത് സ്ഥാപിക്കാൻ കഴിയും. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ രാജീവ് പുഷ്പാംഗദനും ഇതിനുള്ള സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. നഗരവാസികളെ ബോധവൽക്കരിച്ചു മാത്രമേ ഈ ശീലത്തിലേയ്ക്ക് നയിക്കാൻ കഴിയൂവെന്ന് മുൻ ചെയർമാൻ എ.എം. ഹാരിദ് പറഞ്ഞു.
ഹരിതകർമ സേനാംഗങ്ങൾക്കുള്ള വേതനം കൃത്യമായി നൽകണമെന്ന് ബി.ജെ.പി കൗൺസിലർ ബാബു പരമേശ്വരൻ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് വീടുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതിന് പകരം നഗരസഭ മറ്റ് വഴികൾ കണ്ടെത്തണമെന്നും എൽ.ഡി.എഫ് കൗൺസിലർ സബീന ബിഞ്ജു പറഞ്ഞു. തുടർന്ന് ഹരിത കർമസേനകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതോടൊപ്പം പ്ലാസ്റ്രിക് മാലിന്യങ്ങളുടെ നിർമാർജനത്തിന് നഗരവാസികളുടെ പങ്ക് ഉറപ്പാക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. പല വീട്ടുകാരും ഹരിത കർമസേനയോട് സഹകരിക്കുന്നില്ലെന്ന ആക്ഷേപം കൗൺസിലർമാർ ഉന്നയിച്ചതിനെ തുടർന്ന് ഇക്കാര്യം പരിശോധിക്കാനും തീരുമാനിച്ചു. എല്ലാ വാർഡുകളിലും പ്ലാസ്റ്രിക് മാലിന്യശേഖരണത്തിന് ബോധവത്കരണം നടത്തും. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ കൗൺസിലർമാരും ഇതിൽ പങ്കാളികളാവും.
പ്ലാസ്റ്റിക് തന്നില്ലെങ്കിൽ നടപടി
ഹരിതകർമസേനയ്ക്ക് പ്ലാസ്റ്രിക് മാലിന്യം കൈമാറാത്ത വീടുകൾ കണ്ടെത്തി തുടർനടപടി സ്വീകരിക്കും. ബോധവത്കരണത്തിനുശേഷവും പ്ലാസ്റ്റിക് മാലിന്യം കൈമാറിയില്ലെങ്കിൽ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവർക്കെതിരെ പിഴയടക്കം കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ആസ്തിരജിസ്റ്ററിലില്ലാത്ത പണി വേണ്ട
നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്ത റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് മുമ്പ് കൗൺസിലിൽ ചർച്ച ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ സാമ്പത്തിക അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ ഇനിമുതൽ തീരുമാനമെടുക്കൂ. ബാക്കിയുള്ള ഓരോ പ്രവർത്തികളും കൗൺസിലിൽ പ്രത്യേകം ചർച്ച ചെയ്തു മാത്രം സാമ്പത്തിക അനുമതി നൽകാമെന്നും തീരുമാനിച്ചു.
തൊടുപുഴ നഗരസഭയുടെ 2019- 20 സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ഒക്‌ടോബർ 15 വരെ സാങ്കേതികപരിശോധന പൂർത്തിയാക്കിയവയ്ക്ക് സാമ്പത്തികാനുമതി നൽകുന്ന കാര്യം പരിഗണനയ്ക്ക് വന്നപ്പോഴാണ് വിഷയം കൗൺസിൽ ചർച്ച ചെയ്തത്. പശ്ചാത്തലമേഖലയിലുള്ള പദ്ധതികൾ നഗരസഭയുടെ ആസ്തി രജിസ്റ്ററിൽപ്പെട്ടവയല്ലെങ്കിൽ ഭാവിയിൽ പ്രശ്നമുണ്ടായേക്കാമെന്ന സംശയം ആർ. ഹരി പ്രകടിപ്പിച്ചു. നഗരസഭയ്ക്ക് ഉടമസ്ഥർ വിട്ടുതരാത്ത സ്വകാര്യ ഇടങ്ങളിൽ റോഡ് നിർമാണം അടക്കമുള്ള പ്രവർത്തികൾക്കുവേണ്ടി പണം ചെലവഴിച്ചാൽ ഭാവിയിൽ അത് കേസുകൾക്ക് വഴിവെച്ചേക്കാം. കൗൺസിലർമാരും നഗരസഭാ ഉദ്യോഗസ്ഥരും ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.