മറയൂർ:പരമ്പരാഗത കൃഷി അറിവുകളും പരമ്പരാഗത വിത്തു സംരക്ഷണത്തിനുമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്ലാന്റ് ജിനോം അവാർഡ് എറ്റുവാങ്ങുന്നതിനായി തായണ്ണൻ കൂടി സംഘം ഡൽഹിയിൽ. മറയൂരിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് തായണ്ണൻ കൂടി സ്ഥിതി ചെയ്യുന്നത്. മറ്റ് പ്രദേശങ്ങളിൽ നിന്നും അന്യം നിന്നുപോയ ബീൻസ് , റാഗി, ചോളം തുടങ്ങി നിരവധി വിത്തിനങ്ങൾ ഇപ്പോഴും തായണ്ണൻ കുടിക്കാർ കൃഷിചെയ്തു വരുന്നു.
കൊടും കാടിനുള്ളിലെ കാർഷിക പെരുമ കണ്ടെത്തി പുറം ലോകത്തെയും കേന്ദ്ര സംസ്ഥന സർക്കാരുകളുടെ ശ്രദ്ധയിൽ കേരള കാർഷിക സർവ്വകലാശാല അധികൃതർ കൊണ്ടു വന്നതിനെത്തുടർന്നാണ് നൂറ്റാണ്ടുകളുടെ പെരുമയുള്ള ജൈവവൈവിദ്ധ്യത്തിനും അവ സംരക്ഷിച്ചു വരുന്ന ആദിവാസി സമൂഹത്തിനും രാജ്യത്തിന്റെ ആദരവ് ലഭിച്ചത്
പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനായി ആനമുടി വനം വികസന ഏജസിയും ചിന്നാർ വന്യജീവി സങ്കേതവും തായണ്ണൻ കുടിയും കേന്ദ്രമാക്കി പുനർജ്ജിവനം എന്നപേരിൽ പദ്ധതി നടപ്പിലാക്കി വരുന്നു
തായണ്ണൻ കുടിക്കാരുടെ പരമ്പരാഗത കൃഷിയും വിത്ത് സംരക്ഷണവും മനസ്സിലാക്കിയ കേരള കാർഷിക സർവ്വകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ സംസ്ഥാന സർക്കാരിന്റെ അവാർഡിനും കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജിനോം സേവിയർ അവാർഡിനും ശുപാർശ ചെയ്തിരുന്നു
2017 ലെ സംസ്ഥാന സർക്കാരിന്റെ അവാർഡും മൂന്ന് ലക്ഷം രൂപയും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2018 ലെ കേന്ദ്ര സർക്കാരിന്റെ പത്ത് ലക്ഷം രൂപ ഉൾപ്പെടുന്ന പ്ലാന്റ് ജിനോം സേവിയർ അവാർഡ് നേടിയത്.
അവാർഡ് എറ്റുവാങ്ങുന്നതിനായി നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തായണ്ണൻ കുടി കാണി ചന്ദ്രൻ ഭാര്യ കന്തമ്മ,കുടിയിലെ വാസുദേവൻ, രുപമ്മ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷമി ,കൃഷി ഓഫീസർ പ്രിയപീറ്റർ, ചിന്നാർ വന്യജീവി സങ്കേതം സോഷ്യൽ വർക്കർ കെ ധനുഷ്‌കോടി. ,കാർഷിക സർവ്വകലാശാല ഐ പി ആർ സെൽ -കോ ഓഡിനേറ്റർ സി ആർ എൽസി, എന്നിവരാണ് ഡൽഹിയിൽ എത്തിയിരിക്കുന്നത്.
ഇന്ന് ന്യൂഡൽഹി പുസാൻ കാമ്പസിൽ ഡോ ബി പാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ കേന്ദ്ര കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ അവാർഡ് വിതരണം ചെയ്യും
ചിത്രം: തായണ്ണൻ കുടി കാണി ചന്ദ്രനും സംഘവും നെടുംബാശേരി വിമാനതാവളത്തിൽ