ഇടുക്കി: ഗുരുദേവ സമാധിദിനത്തിലും ദുഃഖവെള്ളിക്കും വ്യാപാരസ്ഥാനങ്ങൾ തുറക്കുന്നകാര്യത്തിൽ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ട് വിവിധ സമുദായ നേതാക്കൾക്ക് രാജാക്കാട് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്ത് വിവാദമാകുന്നു. ഈ ദിവസങ്ങളിൽ ഹോട്ടൽ ചായക്കട, ബേക്കറി, മെഡിക്കൽ ഷോപ്പ് തുടങ്ങിയ കടകൾ അടയ്ക്കുന്നതിനാൽ സ്കൂൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലുള്ള ജീവനക്കാർക്ക് ആഹാരവും വെള്ളവും ലഭിക്കുന്നില്ലെന്നാണ് കത്തിൽ പറയുന്നത്. എന്നാൽ രസകരമായ കാര്യം, പൊതുഅവധി ദിവസങ്ങളായ കന്നി അഞ്ചിനും ദുഃഖവെള്ളിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളോ സർക്കാർ ഓഫീസുകളോ പ്രവർത്തിക്കാറില്ലെന്നുള്ളത് മറന്നുകൊണ്ടാണ് സെക്രട്ടറിയുടെ കത്ത്. പഞ്ചായത്ത് പ്രസിഡന്റിന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ് കത്തയക്കുന്നതെന്നും പറയുന്നുണ്ട്. ഈഴവ- ക്രിസ്ത്യൻ സമുദായങ്ങളുടെ മതപരമായ ആചാരത്തിന്മേൽ അഭിപ്രായം പറയുന്നതിന് കത്ത് എല്ലാ സമുദായങ്ങൾക്കും നൽകിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. കുടിയേറ്റകാലം മുതൽ മഹാസമാധി ദിനത്തിലും ദുഃഖവെള്ളി ദിനത്തിലും എല്ലാ സമുദായങ്ങളും ഒരുപോലെ പരസ്പര ബഹുമാനത്തോടെ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാറുണ്ട്. സംസ്ഥാനത്തെവിടെയെങ്കിലുമുണ്ടാകുന്ന വിഷയങ്ങളുടെ പേരിൽ രാഷ്ട്രീയപാർട്ടികൾ ഹർത്താൽ നടത്തുന്നതിന് ഒരു കുഴപ്പവുമില്ലേയെന്നാണ് സമുദായ നേതാക്കൾ ചോദിക്കുന്നത്. ഹർത്താൽ ദിനത്തിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമാധിദിനത്തിലും ദുഃഖവെള്ളി ദിനത്തിലും ഉണ്ടാകുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ്. കോടതി തന്നെ പലപ്പോഴും വിലക്കിയിട്ടുള്ള ഇത്തരം ഹർത്താലുകൾക്കെതിരെ ചെറുവിരൽ അനക്കാത്ത പഞ്ചായത്ത് ഭരണസമിതി മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കെതിരെ നിലപാട് എടുക്കുന്നതാണ് വൈരുദ്ധ്യമെന്ന് അവർ പറയുന്നു. മുൻവർഷങ്ങളിൽ മഹാസമാധിദിനത്തിൽ പൊതുപരിപാടികളും തൊഴിലുറപ്പ് ജോലികളും നടത്താൻ അധികൃതർ ശ്രമിച്ചത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

ഭരണഘടനാലംഘലമെന്ന് രാജാക്കാട് യൂണിയൻ

ഇന്ത്യൻ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ അനുസരിച്ച് മതപരവും വിശ്വാസപരവുമായ വിഷയത്തിൽ അഭിപ്രായം പറയാൻ പഞ്ചായത്ത് ഭരണസമിതിയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ മറുപടി കത്തിൽ വ്യക്തമായി പറയുന്നു. പ്രദേശത്തെ സാമൂഹിക അന്തരീക്ഷവും സമുദായിക ഐക്യവും തകർക്കുന്ന ഇത്തരം യുക്തിരഹിതമായ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ല. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. സമുദായ സംഘടനകളെയും അവരുടെ ചുമതലക്കാരെയും മനഃപൂർവം ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ ധാർമികമായും നിയമപരമായും നിലനിൽക്കുന്നതല്ലാത്തതിനാൽ പഞ്ചായത്ത് തീരുമാനം റദ്ദ് ചെയ്ത് കത്ത് പിൻവലിക്കണമെന്നും മറുപടിയിൽ പറയുന്നു. യൂണിയൻ മറുപടി കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കും നൽകിയിട്ടുണ്ട്.