baby-dead

മൂന്നാർ: വട്ടവട കോവിലൂരിൽ വീടിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം കണ്ടെത്തിയത്.

പാലുകൊടുത്തത് ശ്വാസനാളത്തിലേക്ക് കടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. കോവിലൂർ തിരുമൂർത്തി​​​- വിശ്വലക്ഷ്മി ദമ്പതികളുടെ 25 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം.

ഗ്രാമത്തിൽ സംസ്കരിക്കാനായില്ല

റീ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്ത മൃതദേഹം ഗ്രാമത്തിൽ വീണ്ടും സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി. മന്നാടിയാർ വിഭാഗത്തിന്റെ വിശ്വാസം അനുസരിച്ച് ഒരിക്കൽ ആചാരപ്രകാരം മറവ് ചെയ്ത മൃതദേഹം പുറത്തെടുക്കുന്നത് അനുവദനീയമല്ലെന്നാണ് ഗോത്ര തലവന്മാർ പറയുന്നത്. മൃതദേഹം വീണ്ടും ഗ്രാമത്തിലെത്തിച്ച് അടക്കം ചെയ്യാൻ നാട്ടുകാർ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പൊലീസിനോട് പറഞ്ഞു. തുടർന്ന് അടിമാലി പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.