തൊടുപുഴ: ഇന്നലെ പുലർച്ച മുതൽ ജില്ലയിലെമ്പാടും കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. തെക്ക് കിഴക്കൻ അറബി കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. വിവിധ ജില്ലകൾക്കൊപ്പം ഇടുക്കിയിലും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 സെന്റിമീറ്ററിലധികം പെയ്യുന്ന അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ പെയ്ത മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടിയോളം ഉയർന്ന് 2377.30 അടിയായി. കഴിഞ്ഞ ദിവസം ഇത് 2376.84 അടിയായിരുന്നു. 24.60 മില്ലിമീറ്റർ മഴയാണ് വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. അണക്കെട്ടിൽ ഇപ്പോൾ 71 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേ ദിവസം 2388 അടി വെള്ളമാണ് ഡാമിലുണ്ടായിരുന്നത്. മഴ ശക്തമായതിനെ തുടർന്ന് കുണ്ടള, കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ നാലാം നമ്പർ ഗെയിറ്റ് 15 സെന്റീമീറ്റർ ഉയർത്തി 15 ക്യുമെക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. കുണ്ടള ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 70 ക്യുമെക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.