നെടുങ്കണ്ടം: നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും മോഷണം പതിവായിട്ടും കള്ളന്മാരെ പിടികൂടാനാകാതെ പൊലീസ് കുഴങ്ങുന്നു. രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ പത്തോളം മോഷണങ്ങളാണ് നെടുങ്കണ്ടത്തുണ്ടായത്. ഇതിൽ രണ്ട് ദിവസത്തിന്റെ ഇടവേളയിൽ രണ്ട് പ്രധാന മോഷണങ്ങൾ ടൗണിലുണ്ടായി. രണ്ട് ദിവസം മുമ്പാണ് ടൗണിലെ വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടന്നത്. വിവിധ വർക്ക്‌ഷോപ്പുകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് കവർന്നത്. നെടുങ്കണ്ടം ബി.എഡ്. കോളേജിന് സമീപം അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ആട്ടോ ഗാരേജ്, ചെമ്പകക്കുഴിയിൽ പ്രവർത്തിക്കുന്ന കൂട്ടാർ സ്വദേശി സന്തോഷിന്റെ അഭിനവ് ജീപ്പ് വർക്ക്‌ഷോപ്പ്, തൊട്ടടുത്തുള്ള ഉമ്മാക്കട സ്വദേശി ഷിജുവിന്റെ ബാറ്ററിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഗ്ലോബൽ ഓട്ടോഗാരേജിൽനിന്ന് ടിപ്പർ ലോറിയുടെ രണ്ട് ഗിയർബോക്‌സുകൾ, ഡ്രമ്മുകൾ എന്നിവയും വർക്ക്‌ഷോപ്പിൽ ഇട്ടിരുന്ന ടിപ്പറിന്റെ ബാറ്ററിയും നഷ്ടപ്പെട്ടു. ഈ മോഷണക്കേസിലെ പ്രതികളെ തിരയുന്നതിനിടെയാണ് പട്ടാപകൽ ടൗണിലെ മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ പ്രവർത്തിക്കുന്ന ജെ.പി.ജെ ട്രേഡേഴ്സിൽ നിന്നാണ് നാലരകിലോഗ്രാം ഏലക്കാ മോഷ്ടിച്ചത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഏലക്കാ ഉടമ ഇല്ലാതിരുന്ന തക്കത്തിന് എടുത്തുകൊണ്ട് ഓടിപോവുകയായിരുന്നു. ഏലക്കായുമായി കള്ളൻ പോകുന്ന ദൃശ്യം സമീപത്തെ കടയിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വർക്ക് ഷോപ്പുകളിൽ നടന്ന മോഷണ പരമ്പരയ്ക്ക് സമീപകാലത്ത് കോട്ടയം, എറണാകുളം ജില്ലകളിൽ നടന്ന മോഷണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണം നടന്ന വർക്‌ഷോപ്പുകളിൽ പിക്കപ്പ് ജീപ്പ് വന്നതിന്റെ ടയർ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘമാകാം മോഷണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവയിലെ സി.സി.ടി.വി ക്യാമറദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വർക്ക്‌ഷോപ്പുകളിൽ എത്തി തെളിവെടുത്തു. തൂക്കുപാലത്തും മോഷണശ്രമം നടന്നതായി വർക്ക്‌ഷോപ്പ് ഉടമ പി.ആർ. ദിനകരൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.