mathew

ചെറുതോണി: മൂന്നാർ സംരക്ഷണത്തിന്റെ പേരിൽ ജില്ലയിലെ മുഴുവൻ നിർമാണപ്രവർത്തനങ്ങളെയും നിയമക്കുരുക്കിലാക്കുന്നതിനു പകരം മൂന്നാറിന്റെ സംരക്ഷണത്തിന് പുതിയ കെട്ടിടനിർമ്മാണ ചട്ടമാണ് രൂപീകരിക്കേണ്ടതെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ജില്ലയിൽ നടത്തുന്ന കർഷക സംരക്ഷണ ജാഥയ്ക്ക് മൂന്നാറിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ഡി.എച്ച് വില്ലേജിന്റെ പരിധിയിലൊതുങ്ങുന്ന മൂന്നാറിനെ സംരക്ഷിക്കാൻ മറ്റ് ഏഴ് വില്ലേജുകൾ കൂടി ഉൾപ്പെടുത്തി ഉത്തരവുകൾ നടപ്പിലാക്കുന്നതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാരിറക്കിയ ഉത്തരവിൽ 1964 ചട്ടപ്രകാരമുള്ള പട്ടയംലഭിച്ച എല്ലാ ഭൂഉടമകളുടേയും അവകാശങ്ങൾ ഇല്ലാതായിരിക്കുകയാണ്. ജനഹിതം മനസിലാക്കാതെ അധികാരത്തിന്റെ പിൻബലത്തിൽ ജനദ്രോഹ ഉത്തരവുകൾ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ജനകീയ കോടതിയിൽ ചോദ്യചെയ്യപ്പെടുമെന്ന് ആദ്യ ദിന സമാപനയോഗം ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ പി.എം മാത്യു പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് ,പ്രൊഫ. കെ.ഐ ആന്റണി എന്നിവർ പ്രസംഗിച്ചു. ജാഥക്ക് അടിമാലി, വെള്ളത്തൂവൽ, മൂന്നാർ, പൊട്ടൻകാട്, രാജാക്കാട്, ചെമ്മണ്ണാർ, സേനാപതി, ശാന്തൻപാറ, രാജകുമാരി എന്നിവിടങ്ങളിൽ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം മാത്യു, ജില്ലാ സെക്രട്ടറി രാരിച്ചൻ നീറണാകുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.