കരിമണ്ണൂർ: 2012 ൽ ചുവന്ന ഗ്രഹമായ ചൊവ്വയിലിറങ്ങിയ ക്യൂരിയോസിറ്റി റോവർ കാണാൻ 'ക്യൂരിയോസിറ്റി" ഇല്ലാത്തവർ ആരുണ്ട്. ശാസ്ത്രമേളയിൽ രണ്ട് പെൺകുട്ടികൾ അവതരിപ്പിച്ച ക്യൂരിയോസിറ്റി റോവറിന്റെ വർക്കിംഗ് മോഡൽ കാണാനും എല്ലാവർക്കും ആകാംഷയായിരുന്നു. വാഴേത്താപ്പ് സെന്റ് ജോർജ് എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ജീവ ഷാജിയും​ ആൻമരിയ റോഷിയുമാണ് ക്യൂരിയോസിറ്റി റോവറിനെ അവതരിപ്പിച്ച് ഏവരെയും വിസ്മയിപ്പിച്ചത്. സിമന്റ്, കാർഡ് ബോർഡ്, പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ചൊവ്വയുടെ പ്രതലം സൃഷ്ടിച്ചു. കാമറ, പി.വി.സി പൈപ്പ്, ബാറ്ററി എന്നിവ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി റോവർ നിർമിച്ചത്. വൈഫൈ ഉപയോഗിച്ച് മൊബൈൽ കാമറയിലൂടെ ക്യൂരിയോസിറ്റിയുടെ നീക്കങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ ഒരുക്കിയ സംവിധാനം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. മാഴ്സ് ഓൺ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ശ്രദ്ധ പ്രസാദാണ് തങ്ങളുടെ പ്രചോദനമെന്ന് ആൻമരിയയും ജീവയും പറഞ്ഞു.