ഇടുക്കി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വട്ടവട മോഡൽ വില്ലേജിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ 11.21 കോടി രൂപ. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മൂന്നാറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിർമ്മാണത്തിന്റെ ഭാഗമായി നിലനിന്നിരുന്ന തടസങ്ങൾ അടിയന്തരമായി നീക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എം.എൽ.എ നിർദ്ദേശം നൽകി. തുടർ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. 108 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ അടിത്തറ കെട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി നിർമ്മാണ ചുമതലയുള്ള ഹാബിറ്റേറ്റിന്റെ പ്രതിനിധികൾ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ ദേവികുളം സബ് കളകടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ വിലയിരുത്തും. യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ, മൂന്നാർ ഡിവൈ.എസ്.പി രമേഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, സെക്രട്ടറി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.