ഇടുക്കി: മാലിന്യങ്ങൾ തരം തിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ശുചിത്വമിഷന്റെ കളക്ടേഴ്സ് @ സ്‌കൂൾ പദ്ധതി ജില്ലയിലെ സ്‌കൂളുകളിലും നടപ്പാക്കുന്നു. വലിച്ചെറിയൽ മനോഭാവത്തിന് മാറ്റം വരുത്തുന്നതിനും പദ്ധതി ഉന്നമിടുന്നു. അടിമാലി ഗവ ഹൈസ്‌കൂൾ, കട്ടപ്പന ഗവ ട്രൈബൽ ഹയർ സെക്കന്ററി സ്‌കൂൾ , പൂമാല ഗവ ട്രൈബൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നിവടങ്ങളിൽ പദ്ധതിക്ക് തുടക്കമിട്ടു. ശുചിത്വമിഷൻ , ഹരിതകേരളം മിഷൻ വിദ്യാഭ്യാസ വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാലു മിനി മെറ്റീരിയൽ കളക്ഷൻ ബിന്നുകൾ വീതം മൂന്ന് സ്‌കൂളുകളിലും സ്ഥാപിച്ചു. ഉപയോഗശേഷമുള്ള പെറ്റ് ബോട്ടിലുകൾ ,ഹാർഡ് ബോട്ടിലുകൾ , പാൽ കവറുകൾ ,പേപ്പർ എന്നിങ്ങനെ ഉണങ്ങിയതും വൃത്തിയുള്ളതുമായ നാല് തരം അജൈവ വസ്തുക്കൾ ബിന്നുകളിൽ ശേഖരിക്കും. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ അജൈവ പാഴ് വസ്തുക്കൾ കുട്ടികൾക്ക് ബിന്നുകളിൽ നിക്ഷേപിക്കാം. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളിൽ ബിന്നുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനയോ പ്രാദേശിക പാഴ്വസ്തു വ്യാപാരികളോ പുനഃചംക്രമണത്തിനായി ഇവ ശേഖരിക്കും. നവംബർ ഒന്നിനകം ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും ഒരു സർക്കാർ സ്‌കൂളിലെങ്കിലും പദ്ധതി ആരംഭിക്കുമെന്ന് ശുചിത്വമിഷൻ കോഓർഡിനേറ്റർ സാജു സെബാസ്റ്റ്യൻ പറഞ്ഞു . അടിമാലി സ്‌കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഇൻഫന്റ് തോമസ് നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് അദ്ധ്യക്ഷയായിരുന്നു.