കരിമണ്ണൂർ: അണക്കെട്ടുകൾ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുറന്നു വിട്ടെന്ന് കഴിഞ്ഞ പ്രളയകാലത്ത് സർക്കാർ പഴി കേട്ടിരുന്നു. ഇത്തരം അത്യാഹിതം ഒഴിവാക്കാൻ അണക്കെട്ടുകൾ അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പില്ലാതെ തുറക്കേണ്ടി വന്നാൽ സുരക്ഷാ ഡാമിലേയ്ക്ക് വെള്ളം ഒഴുക്കി തീവ്രത കുറയ്ക്കാം. ഹൈസ്‌കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിലാണ് മൂന്നാർ ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ അശ്വിൻ. കെ, ഷൈൻ ജോസഫ് എന്നിവർ ഈ ആശയം അവതരിപ്പിച്ചത്. 2018 ലുണ്ടായ മഹാപ്രളയത്തിൽ ഇടുക്കി ഡാം തുറന്നു വിട്ടതിനെ തുടർന്ന് നാമവശേഷമായ ചെറുതോണി ടൗണിന്റെ അവസ്ഥയാണ് സുരക്ഷാ ഡാം എന്ന നൂതന ആശയത്തിലേയ്ക്ക് ഇവരെ എത്തിച്ചത്. നിലവിലുള്ള ഡാമിന് താഴ്ഭാഗത്തായി മറ്റൊരു തടയണ നിർമിച്ചാൽ വൻ അത്യാഹിതത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാമെന്ന് ഇവർ പറയുന്നു. സുരക്ഷ ഡാമിൽ ഷട്ടറുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനത്തിനും ഉപയോഗിക്കാമെന്ന് സ്റ്റിൽ മോഡൽ നിർമിച്ച് ഇവർ കാണിച്ചുതരുന്നു.