ഒരുവർഷംമുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹമെന്ന് സംശയം
ചെറുതോണി: കഞ്ഞിക്കുഴിക്ക് സമീപം വെൺമണിയിൽ ഒരു വർഷത്തോളം പഴക്കംതോന്നിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പട്ടയ നടപടികൾക്കായി ഭൂമി അളക്കുന്നതിന്‌വേണ്ടി കാടുകൾ വെട്ടിത്തെളിച്ച സമയത്താണ് ശരീരാവശിഷ്ടങ്ങൾ കാണുന്നത്. ഒരു വർഷം മുൻപ് വെൺമണിയിൽ നിന്നും വരിക്കമുത്തനിലെ തറവാട്ട് വീട്ടിലേക്ക്‌പോയ എട്ടൊന്നിൽ ഏലിയാമ്മ ചാക്കോയുടെ മൃതദേഹമാണ് ഇത് എന്ന സംശയത്തിലാണ് നാട്ടുകാരും പൊലീസും.
കാണാതാകുന്ന സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹാവശിഷ്ടങ്ങൾ ഒപ്പമുള്ളതെന്നാണ് സൂചന. ഹർത്താൽ ദിനത്തിലാണ് വരിക്കമുത്തനിലെ തറവാട് വീട്ടിലേക്ക് ഏലിയാമ്മപോയതായി ബന്ധുക്കൾ പറയുന്നത്. എന്നാൽ വൈകുന്നേരമായിട്ടും ഏലിയാമ്മ തിരികെ വരാതായതോടെ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്‌പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് ഇവരുടെ തന്നെ വീടിനു സമീപത്തെ പുരയിടത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഫിംഗർപ്രിന്റ് വിദഗ്ധരും സയന്റിഫിക് വിദഗദ്ധരുംസ്ഥലത്തെത്തി തെളിവുകൾശേഖരിച്ചു.