thayannankudi

മറയൂർ: മറയൂരിലെ തായണ്ണൻ ആദിവാസി കോളനിയിലെ പാരമ്പര്യ കർഷകർ രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങി. പാരമ്പര്യ കൃഷി രീതികളും പരമ്പരാഗത വിത്തിനങ്ങളും സംരക്ഷിച്ചുവരുന്ന സമൂഹത്തിന് രാജ്യം നൽകുന്ന അംഗീകാരമായ പ്ലാന്റ് ജിനോം സേവിയർ അവാർഡാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിൽ നിന്നും തായണ്ണൻ ആദിവാസി കൂടിയുടെ പ്രതിനിധികളും കേരള കാർഷിക സർവ്വകലാശാലാ അധികൃതരും ചേർന്നാണ് ഏറ്റുവാങ്ങിയത്. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പ്ലാന്റ് ജിനോം സേവിയർ അവാർഡ്. ന്യുഡൽഹി പുസാർ കാമ്പസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കൃഷി സഹമന്ത്രിമാരായ പരഷോത്തം രുപാല, കൈലാസ് ചൗധരി, സെക്രട്ടറി മാരായ സജ്ഞയ് അഗർവാൾ, ത്രിലോചൻ മോഹപത്ര, എന്നിവർ മുഖ്യ അഥിതികളായി പങ്കെടുത്തു. കേരള സർക്കാരിനെ പ്രതിനിധീകരിച്ചി അഗ്രിക്കർച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ദേവേന്ദ്ര സിംഗ ,തായണ്ണൻ കുടിയെ പ്രതിനിധീകരിച്ച് കാണി ചന്ദ്രൻ ഭാര്യ കാന്തമ്മ, കുടി നിവാസികളായ വാസദേവൻ, രൂപമ്മ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷമി,ചിന്നാർ വന്യജീവി സങ്കേതം സോഷ്യൽ വർക്കർ കെ ധനുഷ്‌കോടി, കേരള കാർഷിക സർവ്വകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ കോ ഓഡിനേറ്റർ സി ആർ എൽ സി എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. തായണ്ണൻ കൂടി സംഘം രണ്ട് ദിവസങ്ങൾക്ക് ശേഷം ഡൽഹിയിൽ നിന്നും മടങ്ങിയെത്തും

അതിജീവനത്തിന്റെ കൃഷിപാഠവുമായി

ചിന്നാർ വന്യജീവി സങ്കേതത്തിനും ആനമല ടൈഗർ റിസർവ്വിനും നടുവിൽ കേരള അതിർത്തിയിലാണ് തായണ്ണൻ കുടി ആദിവാസി കോളനി പുറം ലോകവുമായി അകന്ന് കാടിനുള്ളിൽ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് .സ്വാശ്രയത്വം കൈവരിക്കുന്നതിനായാണ് പതിറ്റാണ്ടുകളായി തായണ്ണൻ കുടിയിൽ കൃഷി നടന്നു വരുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ അപ്രത്യക്ഷമായ നിരവധി റാഗി ഇനങ്ങളുടെ വൈവിധ്യങ്ങൾ ഇപ്പോഴും തായണ്ണൻ കൂടിയിലെ കർഷകർ സംരക്ഷിച്ചു പോരുന്നു. തിന , റാഗി, ചെറിയ ഉള്ളി, വിവിധയിനം ബീൻസുകൾ എന്നിവയാണ് തായണ്ണൻ കുടിയിലെ പ്രധാന കൃഷികൾ. ആന, കാട്ടപോത്ത്, പുലി തുടങ്ങിയ വന്യജീവികളൂള്ള കാടിന് നടുവിൽ അതിജീവനത്തിനായി നടന്നു വരുന്ന പാരമ്പര്യ കൃഷി കേരള കാർഷിക സർവ്വകലാശാലയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അവാർഡിനായി ശുപാർശ ചെയ്തത്.

മറയൂരിലെ തായണ്ണൻ കുടിക്ക് ലഭിച്ച പ്ലാന്റ് ജിനോം സേവിയർ അവാർഡ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിൽ നിന്നും ചന്ദ്രൻ കാണിയും സംഘവും എടുവാങ്ങുന്നു