മുട്ടം :ചെറിയ മഴ പെയ്താൽ പോലും മുട്ടം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രപരിസരത്ത് വെള്ളം നിറയുന്നത് പതിവാകുന്നു. ടൗണിലെ ഓടകളിൽ നിന്നുള്ള മാലിന്യം നിറഞ്ഞ മഴ വെള്ളം മുഴുവനായും മുട്ടം - മൂലമറ്റം റോഡിലൂടെ ഒഴുകിയെത്തുന്നതിനാലാണ് ക്ഷേത്രപരിസരത്ത് വെള്ളം നിറയുന്നത്. മുട്ടം ടൗൺ മുതൽ കെ എസ് ഇ ബി സബ് സ്റ്റേഷൻ വരെയുള്ള റോഡിന്റെ രണ്ട് വശങ്ങളിലും ഓടകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ചപ്പ് ചവറുകളും ചെളിയും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മഴ പെയ്താൽ റോഡിലൂടെ ഒഴുകിയെത്തുന്ന മലിന ജലം ഗുരുദേവ ക്ഷേത്രത്തിലേക്കാണ് എത്തിച്ചേരുന്നത്. ഒഴുകിയെത്തുന്ന മലിന ജലം ക്ഷേത്രത്തിന്റെ ഓഫീസ് ഉൾപ്പടെയുള്ള മുറികളിലും മുറ്റത്തും പ്രാർത്ഥന ഹാളിലും നിറഞ്ഞ് ക്ഷേത്രത്തിലെ പ്രാത്ഥനകളും മറ്റുള്ള പൂജകളും മുടങ്ങുകയും ഭക്തർക്ക് ഇത് മൂലം ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഈ അവസ്ഥയാണ് തുടർന്ന് വരുന്നത്. ക്ഷേത്രത്തിലേക്ക് മഴ വെള്ളം ഒഴുകിയെത്തുന്നത് തടയുന്നതിന് മുട്ടം ടൗൺ മുതൽ കെ സ് ഇ ബി സബ് സ്റ്റേഷൻ വരെയുള്ള റോഡിന്റെ രണ്ട് വശങ്ങളിലുമുള്ള ഓടകൾ അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ശാഖാ പ്രസിഡന്റ് കെ വിജയൻ, സെക്രട്ടറി വി ബി സുകുമാരൻ എന്നിവർ മുട്ടം പഞ്ചായത്തിൽ പരാതി നൽകി.