പന്നിമറ്റം: പ്രതിഷേധത്തെതുടര്‍ന്ന് എംഡിഎഫ് പാര്‍ട്ടിക്കള്‍ ബോര്‍ഡ് കമ്പനിയ്ക്ക് അനുമതി നല്‍കാനുള്ള നീക്കം വെള്ളിയാമറ്റം പഞ്ചായത്ത് കമ്മിറ്റി ഉപേക്ഷിച്ചു. പഞ്ചായത്തില്‍ ഇളംദേശത്ത് ഫാക്ടറി സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ച അനുമതി യുഡിഎഫ്, ബിജെപി അംഗങ്ങളുടെയും സമാന മനസ്‌ക്കരായ ഭരണപക്ഷ മെംബര്‍മാരുടെയും ശക്തമായ എതിർപ്പിനെ തുടര്‍ന്നാണ് നിരസിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. കമ്പനിയ്ക്കാവശ്യമായ പശ നിര്‍മ്മാണം, പശ സംഭരണ ടാങ്കുകള്‍ എന്നിവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന പൊതുജനങ്ങളുടെ ആശങ്ക പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ അംഗങ്ങള്‍ അറിയിക്കുകയായിരുന്നു. കമ്പനി ഇളംദേശത്ത് സ്ഥലം വാങ്ങിയ കാലം മുതല്‍ യുഡിഎഫും ബിജെപിയും നിരന്തരം പ്രതിഷേധമുയര്‍ത്തിയിരുന്നു. ഫാക്ടറിക്കാവശ്യമുള്ള പശ നിര്‍മ്മിക്കുന്നത് മീതൈല്‍ ഫോര്‍മാഡി ഹൈഡ് എന്ന മാരക രാസവസ്തു ചേര്‍ത്താണ്. ഈ രാസ വസ്തു ശ്വാസകോശ, ആമാശയ, ത്വക് കാന്‍സര്‍ ,ആസ്മ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന പൊതുജനങ്ങളുടെ ആശങ്ക പഞ്ചായത്ത് കമ്മിറ്റിയില്‍ ഭൂരിപക്ഷം മെംബര്‍മാരും അവതരിപ്പിച്ചു. പൊതുജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടുകള്‍ കര്‍ശനമാക്കിയതോടെ പഞ്ചായത്ത് ഭരണം നടത്തുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ഫാക്ടറിക്ക് പഞ്ചായത്ത് അനുമതി നിഷേധിക്കുന്നതിന് തീരുമാനിച്ചത് .