ചെറുതോണി: ജില്ലാ ആസ്ഥാനത്ത് മുദ്രപത്രം കിട്ടാത്തത് മൂലം ദിനം പ്രതി നിരവധി ആവശ്യങ്ങളുമായി മുദ്രപത്രത്തിന് എത്തുന്നവർ നെട്ടോട്ടമോടുന്നു. വാഴത്തോപ്പ് മരിയാപുരം കഞ്ഞിക്കുഴി പഞ്ചായത്തിലുള്ളവർക്കായി സർക്കാർ അനുവദിച്ചിട്ടുള്ള ചെറുതോണിയിലെ ഏജൻസിയിലാണ് മാസങ്ങളായി മുദ്രപത്രം കിട്ടാനില്ലാത്തത്. ഇവിടെ ആകെയുള്ളത് 500 രൂപയുടെ മുദ്രപത്രം മാത്രമാണ്. ജനനം, മരണം, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, വാടകകരാർ തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്ക് ചെറിയ തുകയുടെ മുദ്രപത്രങ്ങൾ മതി. ചെറുതോണിയിൽ മുദ്രപത്രം കിട്ടാതെ വന്നതോടെ മൈലുകൾ അകലെ തൊടുപുഴയിലൊ അടിമാലിയിലോ കട്ടപ്പനയിലോ പോയി വാങ്ങുകയാണ് നാട്ടുകാർ. ഒരു പഞ്ചായത്തിൽ ഒരു ലൈസൻസി വീതം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒരുവർഷം മുമ്പ് നൽകിയ നിവേദനം സർക്കാർ അവഗണിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.