vadakkepuzha

ചെറുതോണി: ചെളിയും മണ്ണും വന്നടിഞ്ഞ് നാശത്തിന്റെ വക്കിലെത്തിനിൽക്കുകയാണ് വടക്കേപ്പുഴ പദ്ധതി പുളിയൻമല ദേശീയ പാതയ്ക്ക് സമീപം കുളമാവ് പൊലീസ് സ്റ്റേഷന് എതിർവശത്തായി വടക്കേപ്പുഴ പദ്ധതിക്കായി നിർമ്മിച്ച ചെക്കുഡാം ഉപയോഗ ശൂന്യമായികൊണ്ടിരിക്കുകയാണ്. സംഭരണ ശേഷി കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്ക് ചെക്കുഡാമിൽ നിന്നും വെളളമെത്തിക്കുന്നത് നിലച്ചു. ഡാമിലേക്ക് ടണൽവഴി വെളളമെത്തിക്കാൻ കഴിയാതെ വന്നതോടെ വടക്കേപ്പുഴ ഡാമിലെ വെളളം വൈദ്യുതി ബോർഡുജീവനക്കാർ മണൽചാക്ക് അടുക്കി കിങ്ങിണിത്തോട് പൂച്ചപ്ര വഴി തിരിച്ചുവിടുകയാണ്. ഇടുക്കി ഡാമിലേക്ക് വെളളമെത്തിക്കുന്നതിനുവേണ്ടി വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് വടക്കേപ്പുഴ ഡൈവേർഷൻ ഡാം. കുളമാവു പൊലീസ് സ്റ്റേഷനു മുൻവശത്തായി അൻപതേക്കറോളം വിശാലമായ സ്ഥലത്താണു ചെക്കുഡാം നിർമ്മിച്ചിരിക്കുന്നത്. അന്നു തുച്ഛമായ വില നൽകി കർഷകരെ ഒഴിവാക്കിയാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. ഇവിടെ സംഭരിക്കുന്ന വെളളം കനാൽ വഴി കിളിവളളിയിൽ എത്തിക്കേണ്ടതാണ്. ഇവിടെനിന്നാണ് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്ക് ടണൽ വഴി വെളളംകൊണ്ടുപോകുന്ന ഇൻഡേക്ക് സ്ഥിതിചെയ്യുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് കനത്ത മഴയിൽ വെളളം നിറഞ്ഞൊഴുകി അഞ്ച് വീട്ടുകാരുടെ ഒൻപതേക്കറോളം സ്ഥലം വെളളത്തിലായി. നിരവധി കൃഷികൾ നശിച്ചു. കടംവാങ്ങിയും വായ്പയെടുത്തും ചെയ്ത കൃഷിയാണ് മഴയിൽ നശിച്ചുപോയത്. വെളളംകുത്തിയൊഴുകി തൊടപുഴ പുളിയൻമല റോഡിനും കേടുപാടുകൾ സംഭവിച്ചു.

ഹൈഡൽ ടൂറിസത്തിനു ഏറെസാദ്ധ്യതയുളള സ്ഥലംകൂടിയാണിവിടം. ഹൈഡൽ ടൂറിസം വകുപ്പ് ഇവിടേക്ക് അനുവദിച്ച മൂന്ന് ബോട്ടുകൾ ഡാമിൽ ചെളിയും മണലും അടിഞ്ഞുകിടക്കുന്നതിനാൽ കഴിഞ്ഞ വർഷം തിരികെ കൊണ്ടുപോയി.

വൈദ്യുതി ബോർഡിന്റെ അനാസ്ഥകൊണ്ടാണ് വടക്കേപ്പുഴ ഡൈവേർഷൻ ഡാം പദ്ധതിയുൾപ്പെടുന്ന പ്രദേശം നാശത്തിന്റെ വക്കിലായതെന്ന് ആരോപണമുണ്ട്. ഡൈവേർഷൻ ഡാമിൽ വന്നടിഞ്ഞ ചെളിയും മണലും വാരി മാറ്റി പൂർണ്ണതോതിൽ വെളളം സംഭരിക്കുകയും തടാകത്തിലൂടെ ബോട്ടു സവാരിയും ഒരുക്കിയാൽ ധാരാളം ടൂറിസ്റ്റുകൾ ഇവിടെയെത്തും. പ്രകൃതി രമണീയമായ ഈ തടാകത്തിൽ മുൻ കാലത്ത് നിറയെ ആമ്പലുകൾ ഉണ്ടായിരുന്നു. ഇവിടെ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ കുയിലിമലയിലുള്ള കലക്ട്രേറ്റിലെത്താം. ദിനംപ്രതി നിരവധി ടൂറിസ്റ്റുകൾ വന്നുപോകുന്ന നാടുകാണി പവലിയൻ ഇതിനു സമീപത്താണ്. അവഗണിക്കപ്പെട്ട് കിടക്കുന്ന കുളമാവിന്റെ വികസനത്തിന് ഹൈഡൽ ടൂറിസം മുൻകൈയെടുത്ത് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ നൽകിയ ഭീമഹർജിയിൽ ആവശ്യപ്പെട്ടു. ചെക്ക് ഡാം സംരക്ഷിച്ച് ഇവിടം ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നും ആവശ്യപ്പെട്ട് ഭീമഹർജി മന്ത്രി എം.എം മണിക്ക് സമർപ്പിച്ചു.